2011, മേയ് 8, ഞായറാഴ്‌ച

പിറവി

സര്‍വ്വനാഡികളും തളര്‍ന്ന
മനസ്സിന്‍
ഇടുപ്പെല്ലിനിടയിലൂടെ
തിങ്ങിയമരുന്ന നോവുകള്‍ക്കിടയില്‍
അക്ഷരങ്ങള്‍ വാക്കുകളായ്
പിറവി കൊണ്ടു
കൂട്ടിവച്ചപ്പോള്‍ കവിതപോലെ...
അറിവിന്‍റെ കാണാകടലാഴങ്ങളില്‍
മുങ്ങിത്തപ്പാന്‍ ശ്രമിച്ചിട്ടും
ഒരു മുത്തുപോലും വാരാനാവാതെ
തീരത്തിരിക്കുമ്പോഴേതോ
നിഴല്‍ നോക്കി പല്ലിളിച്ചു ..
ഒരു നോക്കുകുത്തിയായ്‌ തനിയെ , വെറുതെ
കൂട്ടിയിട്ട കടലാസ്സു കൂമ്പാരങ്ങള്‍ക്കുള്ളില്‍
ജീവിതത്തിന്‍റെ പച്ചപ്പ്തേടി
മറുവാക്കുപറയാനാവാതെ
കാലമേല്പ്പിച്ച വൃണിത
മുറിപ്പാടുകളില്‍ എന്‍റെ
പേനതന്‍ മഷികുടഞ്ഞ്
ഒരു ചിത്രം വരച്ചു ഞാന്‍ ..
സായന്തനത്തില്‍ വീശുന്ന
ഇളംകാറ്റ് പോലെ
ലോലമാം വിരല്‍ത്തുമ്പിനാല്‍
കോറിയിട്ട വരികള്‍ക്കിടയിലെവിടെയോ
നഷ്ടസുഗന്ധങ്ങള്‍
പുനര്‍ജനികളായ്
പൂത്തുലഞ്ഞു...

കോരിച്ചൊരിഞ്ഞ
കര്‍ക്കടമഴയില്‍
നിറഞ്ഞുതുളുമ്പിയ
കിണര്‍വെള്ളം
കോരിക്കുടിച്ചപ്പോള്‍
ഉള്ളിലെവിടെയോ
വറ്റിവരണ്ട ഓര്‍മകളില്‍
നീരോലിപ്പിന്‍റെ നനവുകള്‍..
ആരും കൊതിച്ചിടും
പോയകാലത്തിന്‍റെ
സ്മൃതിമധുരിമകളില്‍
നൊട്ടിനുണഞൊരു
മാമ്പഴം പോലെബാല്യകാലം ..
എന്നും കൊതിച്ചൊരു മാമ്പഴക്കാലം ..     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ