2017, ജൂലൈ 1, ശനിയാഴ്‌ച

യവനിക താഴുവോളം


ഒരു കിനാവിൻ ഓരം ചേർന്നിരു-
കരം പിടിച്ച് നാമിരിക്കേ,
കണ്ടു  നിൻ കണ്ണിൽ തോഴ,
ഞാനെൻ കിനാക്കളും, നിറങ്ങളും
നിറഭേദങ്ങളും....

ഇനിയും പൂർത്തിയാകേണ്ട
ചിത്രത്തിൻ , വരകളും
വരവർണ്ണഛായകളും!

നീയെൻ പ്രാണനിൽ
പ്രണയം നിറയ്ക്കും
ഓടക്കുഴൽ നാദം,
ഞാനതിൽ മയങ്ങും
പ്രണയ കല്ലോലിനീ  യമുന!

നേർത്ത വരകളാൽ
ഞാൻ കോറിയിടും
ചിത്രത്തിൽ, നീയേകും
വർണ്ണങ്ങൾ, വർണ്ണഭാവങ്ങൾ ..

കാലയവനിക  താഴുന്നു,
നാമിരുവരും വാക്കിൻ
ഇരുകരപറ്റി
മൌനത്തിൻ
വാചാലതയെ തേടുന്നു..

പറയുവാനേറെയുണ്ട്,
കേൾക്ക്നായി,
കഴിയാതാകുവോളം. ..
ഒരുവരിയുരിയാടാനാകാതെ
നാമിരുവരും
നമ്മളിൽ നോക്കിയിരിപ്പതെന്തേ. .

ഇനിയും പൂക്കുവാനായി,
ഒരായിരം  വസന്തങ്ങളായി
അനാദിയാം പ്രണയമായ്,
പ്രണയതാളമായ്,
ജീവിതോർജ്ജമായി
നാമിരുവരും നമ്മെ
മറന്നീടുക. ..
വീണ്ടുമീ ജീവിതനടനം തുടരുക
യവനിക  താഴുവോളം. ...

 Picture courtesy  :Google 

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അമ്മക്കുളിരായി....


അമ്മ മരത്തിൻ  തണലോർമ്മ
ചിലപ്പോൾ മനസ്സിൽ
നോവിൻ കനൽ കോരിയിടും !

ഒന്നരികെ ഓടിയണയണമെന്ന്
വല്ലാതെ  കൊതിയ്ക്കും!

ഉറക്കമില്ലാത്ത രാത്രികളിൽ
ചുവരിൽ നിഴൽ ചിത്രങ്ങൾ
മെനഞ്ഞ് ഞാൻ കിടക്കും!

ഇനിയൊരിയ്ക്കലും  തിരികെ കിട്ടാത്ത
വാൽസല്ല്യമെന്നറിഞ്ഞിട്ടും
വീണുകിട്ടുന്ന വർഷാന്ത്യാ-
 വധിയ്ക്കായി, നാളെണ്ണി
ഞാനിരിയ്ക്കും!

ഒടുവിലായ്  നാടണയും നേരം
ഓടിച്ചെന്നൊന്ന്  പുണരാൻ വെമ്പും!

ബന്ധങ്ങളും ബന്ധനങ്ങ്ളുമെല്ലാം മറന്ന് അമ്മ നെന്ചിലേയ്ക്ക്  
ചേർന്നണയാൻ മാത്രം
ഞാൻ കൊതിയ്ക്കും!

ഒടുവിൽ ഞാനരികെയെത്തുമ്പോൾ
പിണക്കം  നടിച്ച്
അമ്മ  മിണ്ടാതിരിയ്ക്കുമ്പോൾ
നിറഞ്ഞ  കണ്ണുകൾ  തുടച്ച്
ഞാൻ  തളർന്നിരിയ്ക്കുമ്പോൾ
ഒരു നിഴൽ വന്നെന്നെ മൂടും വീണ്ടുമെന്നമ്മക്കുളിരായി....

Picture courtsey:Google 

2016, മാർച്ച് 31, വ്യാഴാഴ്‌ച

ഇഷ്ടം നിൻ കാർമുകിൽ ചന്തം

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..

ഏതു മന്ത്രം നിൻ
കൈവിരൽത്തുമ്പിൽ
അതേകും
മാസ്മരഭാവം
നിൻ പാട്ടിൽ....
അതിൽ മയങ്ങും
ഗോപിക  ഞാൻ. ..
കണ്ണാ. ..
വെറുമൊരു
ഗോപിക ഞാൻ...

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..

നിൻ കാൽചിലമ്പിൻ  നാദം
ഏകും ഉന്മാദ താളം. .
നൃത്തം വച്ചെപ്പോഴും ആടും
ഞാൻ...
നിൻ പാട്ടിലെപ്പഴോ
ലയിക്കും. ..

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..
Picture courtesy:Google



2016, മാർച്ച് 30, ബുധനാഴ്‌ച

നേർവഴികൾ

സ്വപ്നങ്ങളുടെ  തീരത്തിലുന്ന്
ഞാനൊരു  പാട്ട്  പാടും
തെറ്റിയ ശ്രുതികളെല്ലാം തിരുത്തി
വീണ്ടും ഞാനതിന്
മാധുര്യം കൂട്ടും
ഇന്നലകളിൽ  നിന്നും
പഠിച്ച രാഗങ്ങൾ
ചേർത്ത് ഞാൻ
കവിതകൾ എഴുതിക്കൊണ്ടേയിരിക്കും..

ഒന്നിനേക്കുറിച്ചും
ആകുലപ്പെടാതെ
സത്യത്തിന്റെ
നേർവഴികളിലൂടെ മാത്രം
ഞാൻ നടന്നുനീങ്ങും ..

ശരിതെറ്റുകളെപ്പറ്റി
ഞാനും മനസ്സാക്ഷിയും
എപ്പോഴും
തർക്കിച്ചുകൊണ്ടേയിരിയ്കും..
ഒടുവിൽ ഞാൻ പറയും
നീ ജയിച്ചു
വീണ്ടും  ഞാൻ  തോറ്റു. .

തോൽവികളിൽ  നിന്ന്
തോൽവികളിലേക്ക്
നടന്ന് നീങ്ങുമ്പോൾ
ഒടുവിൽ
ഞാൻ തളർന്ന് വീഴുമ്പോൾ
അവൻ പറയും
തോറ്റുപോയത്
അവനാണെന്ന്!