2011, ജൂലൈ 19, ചൊവ്വാഴ്ച

തേങ്ങല്‍


അളവുതൂക്കങ്ങളില്‍
കുറവുണ്ടാവാം
പെണ്ണുകാണാന്‍ വന്നവര്‍
ഒന്നും പറയാതെ
ഇറങ്ങിപ്പോയി .
ഇനിയും കുറച്ച്
മുതല്കൂടി
കരുതേണമെന്ന്
അച്ഛന്‍ അമ്മയോട്
പറഞ്ഞു .
നോക്കുക്കുത്തിപോലെ
മുടക്കുച്ചരക്കായ
ഒരു ജന്മം
വാതിലിനുപിന്നില്‍
ആരുമറിയാതെ
തേങ്ങി ...

2011, ജൂലൈ 12, ചൊവ്വാഴ്ച

യാത്ര

 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
കയ്യിലെടുക്കാനില്ലൊന്നും
കൂടെയുള്ള രോഗങ്ങളൊഴികെ..
 
നാളെ ഞാനെത്തുമെന്‍ മണ്ണില്‍ 
നാടറിയാതെ മാറിയിട്ടുണ്ടാവാം 
നാട്ടുവഴിയോരത്തെയാ 
നാട്ടുഗന്ധം പോലും .
 
കാല്‍പതിയ്ക്കുമ്പോള്‍ പൊള്ളിയേക്കാം 
സഹനമറ്റൊരു  മാതാവിന്‍ 
താപമാര്‍ന്നൊരു  ഹൃദയത്താല്‍ ..
കാര്‍മുകിലുതിര്‍ത്തിടും വിഷലിപ്തമാം
കണ്ണുനീര്‍ പെയ്ത്തിനാല്‍ 
ഉരുകിയമര്‍ന്നിടും ഞാന്‍ ചിലപ്പോള്‍  ..
 
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും
കാതുകള്‍ പൊത്തിയേക്കാം..   
കണ്ണുകള്‍ അടച്ചേക്കാം ...
 
അകമേ നിറയുന്ന ആത്മനിന്ദ -
കൊണ്ടെരിയുന്നുവെന്‍ ചിന്തകള്‍ 
പെണ്ണായ് പിറന്നുപോയതിനാലോ  
പേര്‍ത്തുമിങ്ങനെ   പീഡനങ്ങളേറുന്നു മണ്ണില്‍
ഉള്‍ത്തലത്തിലുതിരും   ഉള്‍ഭയം കൊണ്ടോ
ഉണ്മവിട്ട നരാധമന്മാരെ ഭയന്നോ  
പൂട്ടിവെയ്ക്കുന്നതെന്നാത്മരോഷമിന്നും ..
 
ഭദ്രപീടങ്ങളേറി നില്‍ക്കുന്നു "ജനാധിപത്യം"    
ഘോഷണം മുഴങ്ങുന്നു ചുറ്റിലും 
"സമ്പൂര്‍ണ്ണ സാക്ഷര സംസ്കാര  കേരളം "
എവിടെയാണ് ... നാം അറിഞ്ഞൊരാ 
സംസ്കാരമിന്ന് ?
എവിടെയാണ് ..നാം നേടിയ 
വിദ്യതന്‍   പുണ്യം ?
 
ചുറ്റും വിളയാടും ഗുണ്ടകള്‍ 
അഴിമതിവീരന്മാര്‍ ,കള്ളന്മാര്‍ 
അറ്റുപോകുന്ന സംസ്കാരനാളത്തെ
ഊതിക്കെടുത്തി ക്കൊണ്ടാത്ത്യു -
ന്നതികളില്‍ മേവും നരാധമര്‍..
സുഹൃത്തായ് പതിയായ് സോദരനായ്‌
അച്ഛനായ് മകനായ്‌ ഗുരുവായ്...
എന്നും നിറയുന്നു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ 
പീഡനം ,പീഡനമല്ലോ പലവിധം .
പെണ്ണ്  ,പെണ്ണല്ലോ   വിഷയം ,പെണ്ണ് മാത്രം 
പെണ്ണിന്‍ വില എത്രയുണ്ട്?
പെണ്ണിന് വേണം പൊന്ന്‌
പൊന്ന്‌ കുറഞ്ഞാലും പീഡനം .
 
വാര്‍ന്നുപോകുന്ന മൂല്യബോധങ്ങളില്‍ 
വിടര്ന്നിടുന്നു നവ മുകുളങ്ങള്‍ 
മാതൃക കാട്ടുവാന്‍ ആരുമില്ല 
മാതൃബന്ധത്തിന്‍ നേരുമില്ല 
നേര്‍വഴി അരുളുവാന്‍ അച്ഛനില്ല 
നെറികേട് മാത്രമേ കൂട്ടിനുള്ളൂ 
തെറ്റുകള്‍ തിരുത്താന്‍ ഗുരുവുമില്ല 
ഗുരുമനം പോലും കളങ്കമല്ലോ
ദേവാലയങ്ങളെ അറിയുകില്ല 
ദൈവമെന്തെന്നു ചോദിക്കുമപ്പോള്‍..
കുറ്റം ആരെ പറയേണ്ടൂ ?
കൂട്ടിവായിക്കാനറിയാത്ത  മക്കളെയോ ?                   
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും.
 
ചുറ്റും നിറയുന്ന കോണ്‍ക്രീറ്റ്   കൂരകള്‍
ചാമരം വീശും മരങ്ങളും മറഞ്ഞുപോയ്‌ 
വയലുകള്‍ പാടിയ പാട്ടുകളെങ്ങുപോയ്
വമ്ബെഴും  കേരളത്തനിമയും എങ്ങുപോയ് 
കേള്‍ക്കുന്നു വിഷധൂളിപ്പടര്‍പ്പിന്റെ നൊമ്പരം 
കാണുന്നു കാണാനരുതാത്ത കാഴ്ചകള്‍ 
ആത്മതാപത്തിന്‍ ഉത്തുംഗതയില്‍
അര്‍ക്കനും മൂകമായ് ചൊരിയുന്നു രോഷം 
ചുട്ടുപൊള്ളുന്ന മേടപ്പുലരികള്‍ 
ചങ്കുനീറ്റിക്കൊണ്ട്     നില്‍ക്കുന്നു ഭൂമിയും 
 
കാതുകള്‍ പൊത്തിയേക്കാം
കണ്ണുകള്‍ അടച്ചേക്കാം
നിസ്സഹായയായ് മണ്ണിലിരുന്നു 
തെങ്ങുവാന്‍ മാത്രമീ നാരീജന്മം .
ഉഴാവുച്ചാല്‍ കീറി അമ്മേ ..
നിന്നിലേയ്ക്കെടുക്കുക
മറ്റൊരു സീതയായ്  എന്നെയും 
താങ്ങുവാനിനിയും ശേഷിയില്ലാതെ 
നേര്‍ത്തിടുന്നൊരു ഹൃദയമിടിപ്പുകള്‍ 
നിന്നുപോയേക്കാം 
ഏതു നിമിഷാര്‍ധത്തിലും
തന്നിടാമോ ആറടി മണ്ണുമാത്രം
താപമേല്‍ക്കാതെ സ്നേഹവായ്പിനാല്‍ ..
അമ്മയില്‍ ചേര്‍ന്നിടട്ടെ
ശുദ്ധമാമെന്നാത്മനാളവു മീദേഹവും ... 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
                
           
                

2011, ജൂലൈ 3, ഞായറാഴ്‌ച

നിയോഗം


നീയെനിക്കെപ്പോഴാണ്
അന്യമായത് ?
തീരങ്ങള്‍ തേടി
പറന്നുയര്‍ന്നപ്പോഴും
ചിറകുരുമ്മിപ്പറന്നത്
നീ  മറന്നുപോയോ?
നിനക്കറിയില്ലേ
നിന്‍ നിഴല്‍
പിന്തുടരുമ്പോഴാണ്
ഞാന്‍ ഞാനാവുന്നതെന്ന് ?
എന്നിട്ടും തനിയെ
പറക്കാന്‍ പറഞ്ഞത് ...
പാതിവഴിയില്‍
ചിറകു തളര്‍ന്ന്
ഞാന്‍ വീഴുമെന്നറിഞ്ഞിട്ടും
പിന്നില്‍ നീയുണ്ടെന്നോര്‍ത്തിട്ടാവാം
ഞാന്‍ ഉയരഞ്ഞളിലെയ്ക്കുയര്‍ന്നത്‌ .
ഇപ്പോള്‍ ചിറകു തളര്ന്നിരിയ്ക്കുന്നു
ഒരു തണല്മരമില്ല
ഒരു നിഴല്പോലുമില്ല  
താഴെ അഗാതഗര്‍ത്തം മാത്രം !        
  

ഊന്നു വടി

താങ്ങി താങ്ങി
വയ്യാതായിരിയ്ക്കുന്നു 
ഒരു താങ്ങു തേടി 
ഞാനിരിയ്ക്കുന്നു ! 

മറുപുറം

തേന്മാവ് 
മധുരം കിനിയ്ക്കുന്ന 
 മാമ്പഴമായിരുന്നു
നിനക്കെന്‍റെ
ഭാവപ്പകര്‍ച്ചകള്‍ 
ആസ്വാദനത്തിന്റെ
മറുകര താണ്ടി
നീ നിന്നപ്പോള്‍ 
അഹങ്കരിച്ചുപോയിരുന്നോ ?
ഇന്ന് ഇത്തിക്കണ്ണികള്‍കേറി  
വലിച്ചൂറ്റിയ 
ഈ തടിയില്‍ 
ഒരു തേന്‍ കനി
പൊഴിയ്ക്കാനായി   മാത്രം 
ഓരം ചേര്‍ന്ന് നില്‍പ്പുണ്ട് 
ഈ തേന്മാവ് ..
അറിവില്ലായ്മ 
ചരടുപൊട്ടി
പറന്നലഞ്ഞ്  
ഒടുവില്‍ 
നിന്നില്‍ 
കൊരുത്തു 
നിന്നപ്പോള്‍
ഞാനറിഞ്ഞിരുന്നില്ല 
നീ വെറും
ഉണക്ക മരമായിരുന്നെന്ന് !  
ഏതു നിമിഷവും 
നിലം പൊത്തിയെക്കാവുന്ന
ഉണക്കമരം ..
നടത്തം  
എനിയ്ക്ക് മുമ്പേ
നടന്നതും നീ
എനിയ്ക്ക് പിറകേ
നടന്നതും നീ
ഇപ്പോള്‍ മുമ്പിലും 
പിറകിലും 
വശങ്ങളിലുമെല്ലാം 
നീയുണ്ട് .
എന്തേ എന്‍റെ
ഉള്ളില്‍ മാത്രം
നീയില്ലാതെ പോയത് ?