2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ശൂന്യത

ശൂന്യമാകുന്നു സര്‍വ്വവും!
തിരകളാര്ത്തിരമ്പി 
തളര്‍ന്നുറങ്ങുമീ ,
സാഗരത്തിന്‍ 
ശാന്തതയ്ക്കുള്ളിലും ..
അഗാധതയില്‍ 
ഉരുത്തിരിയും ,
നീര്‍ച്ചുഴികളില്‍ ,
ഉത്തരം കിട്ടാതെ ,
വാക്കുകള്‍ പോരാതെ ,
പരസ്പരം മിണ്ടാതെ ,
തന്നിലേയ്ക്കുള്‍വലിയുമേതോ, 
തിരമാലകളായ് വീണ്ടും ..
ഇനിയെത്ര ശ്രമിച്ചാലും ,
പുല്കുവാനാകാതെ ,
കരയെത്രമേല്‍ 
അകന്നുപോയിരിക്കുന്നു .. 
             

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ബാക്കിയാവുന്നത്...

ഇടയ്ക്കഴിച്ചും  മുറുക്കിയും 
ഉള്ളിലൊരു  ഭാണ്ധമുണ്ട്  ..
നല്ലതും ചീത്തയുമെല്ലാം ,
ഒന്നിച്ച്‌ കൂടിക്കുഴഞ്ഞ്‌ ..
കളയുവാനുണ്ട്‌ പലതും ,
പതം വരാത്ത   ചിന്തകളും ,
എപ്പഴോ അടിഞ്ഞുകൂടിയ 
അഴുക്കുകളും..
കൂട്ടിവയ്ക്കാനുണ്ട് പലതും ,
എന്തിനാണെന്നറിയില്ല ,
ആറടി മണ്ണില്‍ 
അലിഞ്ഞു ചേരുമ്പോഴും ,
പുഴുവരിക്കാതെ ,
കൂടെയുണ്ടാവണം 
ചില നന്മകളെങ്കിലും...    

ഉത്തരമറിയാതെ ...

നാല് ചുമരുകള്‍ക്കുള്ളില്‍
കുടുങ്ങിക്കിടക്കുന്നുണ്ട്
ഒരു ജീവന്‍ ..
ഒന്നുമറിയാതെ ,
ആരോരുമില്ലാതെ ,
ആധികളില്ലാതെ ,
ആവശ്യങ്ങളും
പരാതികളുമില്ലാതെ,
ശാന്തമായി ഉറങ്ങുകയാവും.
ചിലപ്പോള്‍ വേദനപോലും,
തിരിച്ചറിയാനാവാതെ
മരവിച്ചുപോയിരിക്കാം ,
ആ മനസ്സും ....
കണ്ണുകള്‍ മാത്രം
ചലിക്കുന്നുണ്ട് ,
നെഞ്ചുപൊട്ടുന്ന
നൊമ്പരങ്ങളറിയാം
ആ മിഴികളില്‍..
കണ്ണീരുതിരുന്നുണ്ടാവാം
ആരുമറിയാതെ ..
സ്വപ്‌നങ്ങള്‍ ഏറെ
ബാക്കിയുണ്ടാവാം,
എവിടെയോ
നീറിനീറിക്കഴിയുന്ന
കുടുംബമുണ്ടാവാം..
നിസ്സഹായരായി,
കണ്ണുനീര്‍ വറ്റി ,
പ്രാര്‍ത്ഥനയുമായി ,
ചില ജീവിതങ്ങള്‍ ..
സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍
ഉണരാതിരിക്കില്ല ഒരുനാള്‍..
ഇനിയും തിരിചെടുക്കാതെ
ബാക്കിവെച്ചത് ,
ഉയിര്തെഴുന്നെല്‍ക്കാന്‍ തന്നെയാണ് !

മൃതിയുലാത്തും ഇടനാഴിയിലൂടെ ,
നടന്നകലുമ്പോള്‍ ..
മനസ്സില്‍ മായാതെ ,
ഓരോ മുഖങ്ങളും ..
ഒഴുക്കിനൊപ്പം ഒഴുകുമ്പോഴും
നീര്ച്ചുഴികളായി ഉള്ളില്‍
ആഴ്ന്നിറങ്ങുന്നു ,
ചില നോവുകള്‍...
ചിന്തകള്‍ മരവിച്ചുപോയെങ്കിലെന്നു,
ചിലപ്പോഴെങ്കിലും ആശിക്കാറില്ലേ?
ഓര്‍ക്കാനൊന്നുമില്ലാതാവുമ്പോള്‍ ,
ചിന്തകളെങ്കിലും കൂട്ടിനു -
ണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പോകില്ലേ ?
ഓര്‍മകളും ചിന്തകളുമില്ലാതാവുമ്പോള്‍,
ഉത്തരമില്ലാത്ത സമസ്യയായി ,
നീണ്ടുപോകുന്നു ജീവിതം !


(പിന്കുറിപ്പ് : വാഹനാപകടത്തില്‍ പെട്ട് അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന ഒരു സഹോദരനെ കാനാനിടയുണ്ടയായപ്പോള്‍ ഉള്ളില്‍ എവിടെയോ തോന്നിയ ചില വേദനകള്‍ .. ഒന്നേ എന്റെ കൂടുകാരോട് പറയാനുള്ളൂ , വളരെ ശ്രദ്ധിച്ചു വാഹനമോടിക്കുക ,നിയമങ്ങള്‍ ശ്രദ്ധിക്കുക . പിന്നെയെല്ലാം ദൈവഹിതം .)

2011, ജൂലൈ 19, ചൊവ്വാഴ്ച

തേങ്ങല്‍


അളവുതൂക്കങ്ങളില്‍
കുറവുണ്ടാവാം
പെണ്ണുകാണാന്‍ വന്നവര്‍
ഒന്നും പറയാതെ
ഇറങ്ങിപ്പോയി .
ഇനിയും കുറച്ച്
മുതല്കൂടി
കരുതേണമെന്ന്
അച്ഛന്‍ അമ്മയോട്
പറഞ്ഞു .
നോക്കുക്കുത്തിപോലെ
മുടക്കുച്ചരക്കായ
ഒരു ജന്മം
വാതിലിനുപിന്നില്‍
ആരുമറിയാതെ
തേങ്ങി ...

2011, ജൂലൈ 12, ചൊവ്വാഴ്ച

യാത്ര

 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
കയ്യിലെടുക്കാനില്ലൊന്നും
കൂടെയുള്ള രോഗങ്ങളൊഴികെ..
 
നാളെ ഞാനെത്തുമെന്‍ മണ്ണില്‍ 
നാടറിയാതെ മാറിയിട്ടുണ്ടാവാം 
നാട്ടുവഴിയോരത്തെയാ 
നാട്ടുഗന്ധം പോലും .
 
കാല്‍പതിയ്ക്കുമ്പോള്‍ പൊള്ളിയേക്കാം 
സഹനമറ്റൊരു  മാതാവിന്‍ 
താപമാര്‍ന്നൊരു  ഹൃദയത്താല്‍ ..
കാര്‍മുകിലുതിര്‍ത്തിടും വിഷലിപ്തമാം
കണ്ണുനീര്‍ പെയ്ത്തിനാല്‍ 
ഉരുകിയമര്‍ന്നിടും ഞാന്‍ ചിലപ്പോള്‍  ..
 
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും
കാതുകള്‍ പൊത്തിയേക്കാം..   
കണ്ണുകള്‍ അടച്ചേക്കാം ...
 
അകമേ നിറയുന്ന ആത്മനിന്ദ -
കൊണ്ടെരിയുന്നുവെന്‍ ചിന്തകള്‍ 
പെണ്ണായ് പിറന്നുപോയതിനാലോ  
പേര്‍ത്തുമിങ്ങനെ   പീഡനങ്ങളേറുന്നു മണ്ണില്‍
ഉള്‍ത്തലത്തിലുതിരും   ഉള്‍ഭയം കൊണ്ടോ
ഉണ്മവിട്ട നരാധമന്മാരെ ഭയന്നോ  
പൂട്ടിവെയ്ക്കുന്നതെന്നാത്മരോഷമിന്നും ..
 
ഭദ്രപീടങ്ങളേറി നില്‍ക്കുന്നു "ജനാധിപത്യം"    
ഘോഷണം മുഴങ്ങുന്നു ചുറ്റിലും 
"സമ്പൂര്‍ണ്ണ സാക്ഷര സംസ്കാര  കേരളം "
എവിടെയാണ് ... നാം അറിഞ്ഞൊരാ 
സംസ്കാരമിന്ന് ?
എവിടെയാണ് ..നാം നേടിയ 
വിദ്യതന്‍   പുണ്യം ?
 
ചുറ്റും വിളയാടും ഗുണ്ടകള്‍ 
അഴിമതിവീരന്മാര്‍ ,കള്ളന്മാര്‍ 
അറ്റുപോകുന്ന സംസ്കാരനാളത്തെ
ഊതിക്കെടുത്തി ക്കൊണ്ടാത്ത്യു -
ന്നതികളില്‍ മേവും നരാധമര്‍..
സുഹൃത്തായ് പതിയായ് സോദരനായ്‌
അച്ഛനായ് മകനായ്‌ ഗുരുവായ്...
എന്നും നിറയുന്നു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ 
പീഡനം ,പീഡനമല്ലോ പലവിധം .
പെണ്ണ്  ,പെണ്ണല്ലോ   വിഷയം ,പെണ്ണ് മാത്രം 
പെണ്ണിന്‍ വില എത്രയുണ്ട്?
പെണ്ണിന് വേണം പൊന്ന്‌
പൊന്ന്‌ കുറഞ്ഞാലും പീഡനം .
 
വാര്‍ന്നുപോകുന്ന മൂല്യബോധങ്ങളില്‍ 
വിടര്ന്നിടുന്നു നവ മുകുളങ്ങള്‍ 
മാതൃക കാട്ടുവാന്‍ ആരുമില്ല 
മാതൃബന്ധത്തിന്‍ നേരുമില്ല 
നേര്‍വഴി അരുളുവാന്‍ അച്ഛനില്ല 
നെറികേട് മാത്രമേ കൂട്ടിനുള്ളൂ 
തെറ്റുകള്‍ തിരുത്താന്‍ ഗുരുവുമില്ല 
ഗുരുമനം പോലും കളങ്കമല്ലോ
ദേവാലയങ്ങളെ അറിയുകില്ല 
ദൈവമെന്തെന്നു ചോദിക്കുമപ്പോള്‍..
കുറ്റം ആരെ പറയേണ്ടൂ ?
കൂട്ടിവായിക്കാനറിയാത്ത  മക്കളെയോ ?                   
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും.
 
ചുറ്റും നിറയുന്ന കോണ്‍ക്രീറ്റ്   കൂരകള്‍
ചാമരം വീശും മരങ്ങളും മറഞ്ഞുപോയ്‌ 
വയലുകള്‍ പാടിയ പാട്ടുകളെങ്ങുപോയ്
വമ്ബെഴും  കേരളത്തനിമയും എങ്ങുപോയ് 
കേള്‍ക്കുന്നു വിഷധൂളിപ്പടര്‍പ്പിന്റെ നൊമ്പരം 
കാണുന്നു കാണാനരുതാത്ത കാഴ്ചകള്‍ 
ആത്മതാപത്തിന്‍ ഉത്തുംഗതയില്‍
അര്‍ക്കനും മൂകമായ് ചൊരിയുന്നു രോഷം 
ചുട്ടുപൊള്ളുന്ന മേടപ്പുലരികള്‍ 
ചങ്കുനീറ്റിക്കൊണ്ട്     നില്‍ക്കുന്നു ഭൂമിയും 
 
കാതുകള്‍ പൊത്തിയേക്കാം
കണ്ണുകള്‍ അടച്ചേക്കാം
നിസ്സഹായയായ് മണ്ണിലിരുന്നു 
തെങ്ങുവാന്‍ മാത്രമീ നാരീജന്മം .
ഉഴാവുച്ചാല്‍ കീറി അമ്മേ ..
നിന്നിലേയ്ക്കെടുക്കുക
മറ്റൊരു സീതയായ്  എന്നെയും 
താങ്ങുവാനിനിയും ശേഷിയില്ലാതെ 
നേര്‍ത്തിടുന്നൊരു ഹൃദയമിടിപ്പുകള്‍ 
നിന്നുപോയേക്കാം 
ഏതു നിമിഷാര്‍ധത്തിലും
തന്നിടാമോ ആറടി മണ്ണുമാത്രം
താപമേല്‍ക്കാതെ സ്നേഹവായ്പിനാല്‍ ..
അമ്മയില്‍ ചേര്‍ന്നിടട്ടെ
ശുദ്ധമാമെന്നാത്മനാളവു മീദേഹവും ... 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
                
           
                

2011, ജൂലൈ 3, ഞായറാഴ്‌ച

നിയോഗം


നീയെനിക്കെപ്പോഴാണ്
അന്യമായത് ?
തീരങ്ങള്‍ തേടി
പറന്നുയര്‍ന്നപ്പോഴും
ചിറകുരുമ്മിപ്പറന്നത്
നീ  മറന്നുപോയോ?
നിനക്കറിയില്ലേ
നിന്‍ നിഴല്‍
പിന്തുടരുമ്പോഴാണ്
ഞാന്‍ ഞാനാവുന്നതെന്ന് ?
എന്നിട്ടും തനിയെ
പറക്കാന്‍ പറഞ്ഞത് ...
പാതിവഴിയില്‍
ചിറകു തളര്‍ന്ന്
ഞാന്‍ വീഴുമെന്നറിഞ്ഞിട്ടും
പിന്നില്‍ നീയുണ്ടെന്നോര്‍ത്തിട്ടാവാം
ഞാന്‍ ഉയരഞ്ഞളിലെയ്ക്കുയര്‍ന്നത്‌ .
ഇപ്പോള്‍ ചിറകു തളര്ന്നിരിയ്ക്കുന്നു
ഒരു തണല്മരമില്ല
ഒരു നിഴല്പോലുമില്ല  
താഴെ അഗാതഗര്‍ത്തം മാത്രം !        
  

ഊന്നു വടി

താങ്ങി താങ്ങി
വയ്യാതായിരിയ്ക്കുന്നു 
ഒരു താങ്ങു തേടി 
ഞാനിരിയ്ക്കുന്നു ! 

മറുപുറം

തേന്മാവ് 
മധുരം കിനിയ്ക്കുന്ന 
 മാമ്പഴമായിരുന്നു
നിനക്കെന്‍റെ
ഭാവപ്പകര്‍ച്ചകള്‍ 
ആസ്വാദനത്തിന്റെ
മറുകര താണ്ടി
നീ നിന്നപ്പോള്‍ 
അഹങ്കരിച്ചുപോയിരുന്നോ ?
ഇന്ന് ഇത്തിക്കണ്ണികള്‍കേറി  
വലിച്ചൂറ്റിയ 
ഈ തടിയില്‍ 
ഒരു തേന്‍ കനി
പൊഴിയ്ക്കാനായി   മാത്രം 
ഓരം ചേര്‍ന്ന് നില്‍പ്പുണ്ട് 
ഈ തേന്മാവ് ..
അറിവില്ലായ്മ 
ചരടുപൊട്ടി
പറന്നലഞ്ഞ്  
ഒടുവില്‍ 
നിന്നില്‍ 
കൊരുത്തു 
നിന്നപ്പോള്‍
ഞാനറിഞ്ഞിരുന്നില്ല 
നീ വെറും
ഉണക്ക മരമായിരുന്നെന്ന് !  
ഏതു നിമിഷവും 
നിലം പൊത്തിയെക്കാവുന്ന
ഉണക്കമരം ..
നടത്തം  
എനിയ്ക്ക് മുമ്പേ
നടന്നതും നീ
എനിയ്ക്ക് പിറകേ
നടന്നതും നീ
ഇപ്പോള്‍ മുമ്പിലും 
പിറകിലും 
വശങ്ങളിലുമെല്ലാം 
നീയുണ്ട് .
എന്തേ എന്‍റെ
ഉള്ളില്‍ മാത്രം
നീയില്ലാതെ പോയത് ?     
         

2011, ജൂൺ 21, ചൊവ്വാഴ്ച

ചെമ്പക മരങ്ങള്‍ പൂക്കുമ്പോള്‍...

എയര്പോര്ട്ടെത്താറായിരിക്കുന്നു  .എല്ലാവരും ലാന്ടിങ്ങിനു തയ്യാറായി ഇരിക്കാന്‍ 
അറിയിപ്പ് കിട്ടി .വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു ഈ മണ്ണില്‍ .....
ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല .ചിലപ്പോള്‍ ഇതെല്ലം ഒരു നിയോഗമാവം..
  20  വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ നാട് വിടുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു
ഇനിയൊരു മടക്കയാത്രയില്ലെന്ന്...
പക്ഷേ വരാതിരിക്കാന്‍ തനിക്കാവില്ലല്ലോ ?തന്നെ തിരിച്ചുവിളിക്കുന്നത്
തന്‍റെ  പ്രിയപ്പെട്ട  ബിഷ്മയാണ് .അലിഭയ്യ ഹാന്‍ഡ്‌ബാഗ്‌  തോളിലിട്ടു ,ഇറങ്ങാന്‍ 
തയ്യാറായി ഇരുന്നു . 
  "മുഹമ്മദ്‌ സൈഫുദ്ധീന്‍ അലി " അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
എല്ലാവരും തന്നെ "അലി ഭയ്യ " എന്ന് വിളിക്കും  .അങ്ങനെ വിളിക്കുന്നത്‌ 
തന്നെയാണ് അലി ഭയ്യക്കും ഇഷ്ടം .
വിമാനമിറങ്ങി ഇമ്മിഗ്രഷന്‍ ചെക്കിങ്ങും കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങി .

തനിക്കുവേണ്ടി കാത്തുനില്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നു അലി ഭയ്യക്കറിയാം.
അതിനുള്ള അര്‍ഹത  തനിക്കില്ലല്ലോ .അടുത്തുകണ്ട ഒരു ടാക്സിയില്‍ കയറി 
അയാള്‍ ഇറങ്ങാനുള്ള സ്ഥലവും അഡ്രസ്സും പറഞ്ഞു .
        
    നേരം സന്ധ്യയാവുന്നു .കൊളംബോ പട്ടണത്തില്‍ നിന്ന് കാന്ടി ജില്ലയിലെ ഗ്രാമത്തിന്‍റെ
ശാന്തതയിലേക്ക്  ടാക്സി നീങ്ങിക്കൊണ്ടിരുന്നു .
നീണ്ടുകിടക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും അയാളുടെ ഓര്‍മകളെ യൌവ്വനത്തിലേക്ക് 
കൂട്ടിക്കൊണ്ടുപോയി .
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഗ്രാമത്തിലെ ഒരു തേയില കമ്പനിയില്‍ ജൂനിയര്‍ ഓപററ്റര്‍ ആയി 
നിയമനം ലഭിച്ച് വന്ന സമയം .
വളരെ പെട്ടെന്ന് തന്നെ വായാടിയും സമര്‍ത്ഥനുമായ അയാള്‍ സഹജീവനക്കാരുടെയെല്ലാം
മനം കവര്‍ന്നു .              
  കമ്പനി ക്വാര്‍ടെഴ്സില്‍ തന്‍റെ കൂടെ താമസിച്ചിരുന്ന സൌമ്യശീലനും 
വിനയാന്വിതനുമായിരുന്ന  ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു "ബിഷ്മ" .
"ജയേന്ദ്ര ബിഷ്മ സഹവര്ധന" അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
കമ്പനിയില്‍ എല്ലാവരും അയാളെ  സ്നേഹത്തോടെ "ബിഷ്മ" എന്ന് വിളിക്കും .
ചിലപ്പോള്‍ രക്ത ബന്ധങ്ങളെക്കാള്‍ വലുതായിരിക്കും ഹൃദയ ബന്ധങ്ങളുടെ 
സ്ഥാനം .
തനിക്കു ബിഷ്മ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല .ഒരു സഹോദരന്‍ 
കൂടിയായിരുന്നു .     
ഭാഷകള്‍ക്കും ജാതിമത രാഷ്ട്ര ഭേദങ്ങള്‍ക്കും അതീതമായ ഒരു സ്നേഹബന്ധം .
കളിതമാശകള്‍ പറയാനും വഴക്കിടാനും എല്ലാം എപ്പോഴും തന്‍റെ സന്തതസഹചാരിയായി 
ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു .
തന്‍റെ എടുത്തുചാട്ടവും ആവശ്യമില്ലാത്ത ഈ വായാടിത്തവുമെല്ലാം കുറച്ചു കുറയ്ക്കണമെന്ന് 
എപ്പോഴും ബിഷ്മ സൈഫുവിനെ ഉപദേശിക്കാറുണ്ട് .
"ഓ പിന്നെ , ഒന്ന് മിണ്ടാതിരിയെട സിംഗളെ.." എന്ന് പറഞ്ഞു അലി ഭയ്യ അവനെ  കളിയാക്കും .
"സൈഫൂ .." എന്ന് അവന്‍ മാത്രമാണ് തന്നെ വിളിച്ചിട്ടുള്ളത് .
അവന്റെ "സൈഫൂ..." എന്നാ ആ സ്നേഹത്തോടെയുള്ള വിളി ഹൃദയത്തെ സ്പര്‍ശിക്കാറുണ്ടായിരുന്നു.

കാന്ടിയിലെ   തേയിലത്തോട്ടങ്ങള്‍ അവിടുത്തെ ജനതയുടെ ജീവിതവുമായി വളരെയേറെ
അലിഞ്ഞു ചേര്‍ന്നിരിക്കുന്നു   .  ആ തേയിലത്തോട്ടങ്ങളിലെ  കുളിരും സുഖ ശീതളിമയും 
ഏതൊരു   യുവാവിനെയും പ്രണയാതുരനാക്കും. കമ്പനിയിലെ   ഫില്ലിംഗ്  സെക്ഷനില്‍ 
ജോലി ചെയ്യുന്ന 18  കാരിയായ വെളുത്തു മെലിഞ്ഞ ആ യുവതിയോട് സൈഫുവിനും 
പ്രണയം തോന്നിത്തുടങ്ങി .   
"സംഘമിത്ര പുവേക്കനഗധാര " എന്നായിരുന്നു അവളുടെ പേര് .നാണം കുണുങ്ങിയും
എന്നാല്‍ അതിമനോഹരമായി പാട്ടുകള്‍ പാടുന്ന ആ പെണ്‍കുട്ടിയെ സൈഫുവിലെയ്ക്ക് 
ആകര്‍ഷിച്ചത് അവളുടെ പാട്ടുകള്‍ തന്നെയാവാം .മിത്രയെന്നാണ് എല്ലാവരും അവളെ 
വിളിച്ചിരുന്നത്‌ .കമ്പനിയില്‍ ഉള്ള ജോലിക്കാരില്‍ പ്രായംകൊണ്ടു ഇളയവളായിരുന്നു
അവള്‍ .അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവളോട്‌ ഒരു പ്രത്യേക വാത്സല്യമായിരുന്നു .
മിത്ര ബിഷ്മയുടെ ബന്ധു  കൂടിയായിരുന്നു .
സൈഫുവിന്‍റെയും മിത്രയുടെയും പ്രണയം പൂത്തുലഞ്ഞു .തമ്മില്‍ തമ്മില്‍ പിരിഞ്ഞ്
ഇനി ജീവിതം  സാധ്യമല്ലെന്ന് തോന്നിത്തുടങ്ങി .വിവാഹക്കാര്യം സൈഫുവിന്‍റെ വീട്ടില്‍  
എതിര്‍ത്തുവെങ്കിലും മിത്രയുടെ വീട്ടിലേയ്ക്ക് ആലോചനയുമായി സൈഫു ചെന്നു .       

തന്‍റെ മകളെ ബന്ധുവും സുഹൃത്തുമായ മഹേന്ദ്ര സഹവര്‍ധ്നയുടെ പുത്രനായ 
ബിഷ്മയെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആ രണ്ടു സുഹൃത്തുക്കളും 
പരഞ്ഞുരപ്പിച്ചിരുന്നു .അതുകൊണ്ട് തന്നെ ആ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തു .
മാത്രവുമല്ല  അന്യരാജ്യക്കാരനായ ഒരു യുവാവിനെ  തന്‍റെ കുടുംബത്തിലേയ്ക്ക് 
ഒരിക്കലും മരുമകനായി അംഗീകരിക്കില്ലെന്നും  അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ 
കുടുംബത്തോടെ അത്മഹത്യ ചെയ്യുമെന്നും  ആ പിതാവ് മിത്രയുടെ മുമ്പില്‍വെച്ചു 
വെളിപ്പെടുത്തി .
എല്ലാം കേട്ട് നിസ്സഹായയായി  നില്‍ക്കാനേ അവള്‍ക്കു കഴിഞ്ഞുളളൂ.
കുടുംബത്തെ വേദനിപ്പിച്ചു ഒരു ജീവിതം അവള്‍ ആഗ്രഹിച്ചില്ല .
തന്‍റെ ഇഷ്ടങ്ങളും പ്രണയവുമെല്ലാം ത്യജിക്കാന്‍ അവള്‍ മനസ്സിനെ ശക്തമാക്കാന്‍ 
ശ്രമിച്ചു .  
താന്‍ വിളിച്ചാല്‍ കൂടെ വരുമോ എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചില്‍
മാത്രമായിരുന്നു മറുപടി .ബിഷ്മ ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തു .
ഇഷ്ടമില്ലാഞ്ഞിട്ടും തന്‍റെ പ്രിയസുഹൃത്തിന്റെ പ്രണയിനിയെ  വധുവാക്കാന്‍ 
സാഹചര്യങ്ങള്‍ അവനെ സമ്മര്ധത്തിലാക്കി.
അങ്ങനെ ബിഷ്മയുടെയും മിത്രയുടെയും വിവാഹം നടന്നു .
സൈഫുവിനു താങ്ങാവുന്നതിലപ്പുരമായിരുന്നു അത് .
ബിഷ്മയ്ക്ക് ഒരെഴുത്തെഴുതി കമ്പനി മാനജേരുടെ കയ്യില്‍ കൊടുത്ത് വിങ്ങുന്ന 
ഹൃദയവുമായി  സൈഫു ഇന്ത്യയിലേക്ക്‌ മടങ്ങി .  

20  വര്‍ഷങ്ങള്‍.. എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നു .
കാലം തന്നിലെല്‍പ്പിച്ച മാറ്റങ്ങള്‍ ..നരവീണ് കഷണ്ടിയായ 
തലയും ചാടിയ വയറും ..ഈ രൂപം കണ്ട് തന്നെ ആര്‍ക്കെങ്കിലും 
മനസ്സിലാവുമോ ?
ടാക്സി ഗ്രാമത്തിനോടടുക്കുന്നു .വികസനത്തിന്റെ പരിവര്‍ത്തനങ്ങള്‍ 
എങ്ങും കാണപ്പെട്ടു .അലി ഭയ്യയുടെ ഹൃദയമിടിപ്പ്‌ കൂടി ..
തന്‍റെ പ്രിയപ്പെട്ടവര്‍ ,വര്‍ഷങ്ങള്‍ക്കു ശേഷം താനവരെ കാണാന്‍ പോകുന്നു .
ആരും തെറ്റുകാരല്ലല്ലോ..അതുകൊണ്ട് തന്നെ ആരോടും ദേഷ്യമില്ല , പരിഭവവും ..
വിധി ഒന്ന് മാത്രമാണ് തങ്ങളെ വേര്പിരിച്ചത് ..
തന്‍റെ പ്രിയപ്പെട്ടവളെയും പ്രിയ മിത്രത്തെയും കാണാന്‍ ഇനി നിമിഷങ്ങാല്‍ മാത്രം..
വണ്ടി റോഡരുകില്‍ നിര്‍ത്തി ഡ്രൈവര്‍ സ്ഥലമെത്തിയെന്നു പറഞ്ഞു .
ടാക്സി ചാര്‍ജ് കൊടുത്ത് അലി ഭയ്യ  melle ആ വീടിന്റെ ഗയ്റ്റ് തുറന്നു .
വീടിനിരുവശവും നില്‍ക്കുന്ന ചെമ്പക മരങ്ങള്‍..
പണ്ട് മിത്ര ചൂടിവരുന്ന ചെമ്പകപ്പൂക്കളുടെ അതേ സുഗന്ധം അയാളുടെ
ഹൃദയത്തെ തഴുകി കടന്നുപോയി..
aarumille   ഈ വീട്ടില്‍ ..ത്രിസന്ധ്യ കഴിഞ്ഞിരിക്കുന്നു .ഉമ്മറത്ത് ചെറിയൊരു 
ബള്‍ബിന്റെ പ്രകാശം മാത്രം. 
അലി ഭയ്യ കോളിംഗ് ബെല്ലില്‍  വിരലമര്‍ത്തി ..
ആരായിരിക്കും വാതില്‍ തുറക്കുക ..മിത്രയായിരിക്കും..
ജീവിതം  അവളെ ഒരുപാടു മാറ്റിയിരിക്കും..
വാതില്‍ തുറക്കപ്പെട്ടു ..നീണ്ടു മെലിഞ്ഞ് ഒരു 14  -15 വയസ്സുകാരന്‍ പുറത്തു വന്നു .
"ആരാ .." പേര് പറഞ്ഞപ്പോള്‍ അങ്ങേയറ്റം വിനയാന്വിതനായി തന്‍റെ ബാഗും വാങ്ങി 
ആ കുട്ടി  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ..
തന്‍റെ മിത്രയുടെ അതേ രൂപം ..തന്‍റെ പ്രിയ സുഹൃത്തിന്റെ അതേ ഭാവങ്ങള്‍..
അകത്തെ മുറിയില്‍ നിന്നും എന്തോ ഒരു ഞരക്കം കേട്ടു .
മുറിയില്‍ സീറോ ബള്‍ബിന്റെ പ്രകാശം മാത്രം.
അച്ഛന്‍ ഉറങ്ങിയെനീട്ടതാവും എന്ന്  പറഞ്ഞ്‌ ആ കുട്ടി ലൈറ്റിന്റെ സ്വിച് ഓണ്‍ ചെയ്തു .
മുറിയില്‍ കണ്ട രൂപത്തെക്കണ്ട് അലി ഭയ്യ ഞെട്ടിപ്പോയി ..
ആരോഗ്യദൃഡഗാത്രനും സുന്ദരനുമായിരുന്ന തന്‍റെ പ്രിയപ്പെട്ട ബിഷ്മ തന്നെയാണോ ഇത് .
ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ ക്ഷീണിച്ചു എല്ലും തോലുമായ ഒരു രൂപം..    
  

ബിഷ്മയുടെ മുഖത്തു നിസ്സംഗതയുടെ   ഒരു പുഞ്ചിരി വിടര്‍ന്നു .
ആ കണ്ണുകള്‍ നിറഞ്ഞു .സങ്കടം   ഉള്ളിലമര്‍ത്തി അലി ഭയ്യ ബിഷ്മയുടെ
അരികില്‍ ഇരുന്നു .
"സൈഫൂ  .." വിറയാര്‍ന്ന ശബ്ദം ആ kantaത്തില്‍   നിന്ന് പുറത്തു വന്നു ..
അലി ഭയ്യ ബിഷ്മയുടെ കൈകള്‍ തന്‍റെ കണ്ണുകളോട് ചേര്‍ത്ത് വിതുമ്പി ..
അല്‍പ സമയത്തെ മൌനം മുറിച്ചു ബിഷ്മ അവരുടെ ജീവിതത്തെപ്പറ്റി പറഞ്ഞു.
3  വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാഹനാപകടത്തില്‍പ്പെട്ടു മിത്ര മരിചെന്നുള്ള വാര്‍ത്ത
അലി ഭയ്യക്ക് ഉള്‍ക്കൊള്ളാനായില്ല ..
അതിലും ഹൃദയഭേദകമായിരുന്നു തന്‍റെ പ്രിയ മിത്രത്തിന്റെ ഈ അവസ്ഥയും .
ശ്വാസകോശാര്ബുധം ബാധിച്ച് 24  മണിക്കൂറും ഒക്സിജെന്‍ സിലിണ്ടെരിന്റെ 
സഹായമില്ലാതെ  തനിക്കിനി അധിക കാലം ജീവിക്കാനാവില്ലെന്ന് ബിഷ്മ
വളരെ അവശനായി പറഞ്ഞു നിര്‍ത്തി .
          

അലി ഭയ്യ എല്ലാം കേട്ടു തരിച്ചിരുന്നു .
ഈ അവസ്ഥ കാണാനാണോ തന്‍  ഇത്രദൂരം താണ്ടി വന്നത് ...
എന്തിനാണ് വിധി തന്നെ ഇനിയും വിഷമിപ്പിക്കുന്നത് ?
വാക്കുകള്‍ ഒന്നും പുറത്തുവരുന്നില്ല..എന്ത് പറയണം ..
മരണവും കാത്തു കിടക്കുന്ന തന്‍റെ സുഹൃത്തിനെ എങ്ങനെ
ആശ്വസിപ്പിക്കണമ്മെന്നറിയാതെ  അലി ഭയ്യ  ഉഴറി ..  
ബിഷ്മ മകനെ അലി ഭയ്യക്ക് പരിചയപ്പെടുത്തി .
"ഇത് എന്റെ ശങ്കര്‍ "
"എന്റെ പൊന്നുമോന്‍ ...  "
ഇനി ഇവനെ ..
ബിഷ്മക്ക് വാക്കുകള്‍ പുറത്തു  വന്നില്ല ...
ശങ്കറിന്റെ കൈ അലി ഭയ്യയുടെ കൈകളിലേല്‍പ്പിച്ചു ബിഷ്മ
 കണ്ണുമടച്ചു കിടന്നു ..മനസ്സിലെ സങ്കടം കണ്ണുകളിലൂടെ ഒഴുകി ..
"നാളെ  എന്റെ ഒപെരഷനാണ് .."സങ്കടം അടക്കി ബിഷ്മ തുടര്‍ന്നു ..
"അതിനുശേഷം ഞാന്‍ ഉണ്ടാവില്ല "
എല്ലാം അറിയുന്നവനെപ്പോലെ ബിഷ്മ പറഞ്ഞു
രാത്രി ഏറെ നേരം ബിഷ്മയുടെ അരികില്‍ അലി ഭയ്യ ഇരുന്നു..
രാവിലെ ആശുപത്രിയിലേക്ക് പോയി ..ഒപെരശന്‍ തിയട്ടരിനുമുംബില്‍
സങ്കടം പുറത്തുകാട്ടാതെ ബിഷ്മക്ക് ധൈര്യം   നല്‍കി.
ഒപെരശന്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നു.
ദയനീയമായി ഡോക്ടര്‍ ശങ്കറെ നോക്കി ..
സങ്കടപ്പെടരുതെന്നു ആര്‍ക്കും പറയാനാവില്ലല്ലോ ..
ശങ്കര്‍ പൊട്ടിക്കരഞ്ഞു ..ശങ്കറിനെ ചേര്‍ത്തുനിര്‍ത്തി അലിഭയ്യ
അവനെ  തലോടി..
തന്‍റെ പ്രിയ തോഴന്റെ സംസ്കാരമെല്ലാം   കഴിഞ്ഞു.
ഇന്ന് അലിഭയ്യ തിരിച്ചു പോകുകയാണ് ..വര്‍ഷങ്ങള്‍ക്കു മുമ്പ് 
ഒന്നുമില്ലാതെ വിങ്ങുന്ന ഹൃദയവുമായി പോയ അലിഭയ്യ പക്ഷേ
ഇന്ന് തനിച്ചല്ല ..
തന്‍റെ പ്രിയപ്പെട്ടവരുടെ ജീവന്റെ ജീവനായ മകനെയും കൊണ്ട് ..
ഒരു പുതിയ ജീവിതത്തിലേക്ക് ..
അവന്റെ അച്ഛനായി ..ഇനിയുള്ള കാലം ആവോളം സ്നേഹം 
കൊടുത്ത് ജീവിക്കാന്‍ ..

ഞങ്ങള്‍ പോയി വരട്ടെ ..
മലനിരകള്‍ തഴുകിവരുന്ന ഈ കുളിര്‍ക്കാറ്റുപോലെ ..
ഇനിയും ഒരിക്കല്‍ ഞങ്ങള്‍ ഇവിടെ തിരിച്ചുവരും ..
ചെമ്പകപ്പൂക്കളുടെ   ഗന്ധം തേടി ശങ്കര്‍ വരും ..
വരാതിരിക്കില്ല... 

2011, ജൂൺ 17, വെള്ളിയാഴ്‌ച

മനസ്സ്

ദൂരമാപിനിയില്‍ 
മനസ്സ്
വരണ്ടുണങ്ങിയ 
നെല്‍പ്പാടങ്ങളും 
കടന്ന്‌
ഉറവവറ്റിയ 
നീര്‍ച്ചാലുകളില്‍
തടഞ്ഞ്
ഒഴുക്കിന്‍റെ
അഴിമുഖങ്ങള്‍ക്കപ്പുറം 
ആഴിതന്‍ 
അഗാധനീലിമയില്‍   
അലിഞ്ഞ്
കാണാക്കരകളില്‍ 
അലതല്ലിയണഞ്ഞു
ഇപ്പോള്‍ 
ഒരു കിതപ്പിനപ്പുറം
ഹൃദയത്തിന്‍റെ
താളഗതിയില്‍  
ചെവിയോര്‍ത്ത്‌
തനിച്ചങ്ങനെ 
സമയവും കാത്ത്.. 
ഇനിയും അളക്കാന്‍ 
ദൂരമില്ലാഞ്ഞിട്ടാവാം 
അല്ലെങ്കില്‍ 
ദൂരങ്ങള്‍ താണ്ടാന്‍ 
ശക്തിയില്ലാഞ്ഞിട്ടാവാം 
ഇടയ്ക്കെപ്പോഴോ 
ഇടറിവീണത്‌..
ഒരു വെള്ളമുണ്ടില്‍ 
വരിഞ്ഞു മുറുക്കുമ്പോഴും
എവിടെയാണ് 
താളം തെറ്റിയതെന്ന് 
ഓര്‍ത്തില്ല.. 
അടുത്ത 
ജന്മത്തിലേക്കുള്ള
ദൂരം അളക്കുകയായിരുന്നു 
മനസ്സപ്പോള്‍ .... 

2011, ജൂൺ 15, ബുധനാഴ്‌ച

മുഖം

വ്യക്തതയില്ലാത്ത
മുഖങ്ങള്‍ ചുറ്റിലും
എന്‍റെ  കാഴ്ച
മങ്ങിയതാവോ ?
അല്ല ,മറ്റുള്ളതോക്കെയും 
നന്നായി കാണുന്നുണ്ട് .
മുഖം മൂടികള്‍
അണിഞ്ഞും  അഴിച്ചും
ഇപ്പോള്‍
മുഖം തന്നെയില്ലാതായോ ?
വലിച്ചു നീട്ടിയ 
ചിരിയും 
പല്ലുകളും 
കണ്ടു മടുത്തു 
എനിക്ക് ...
അല്ല , ഈ ഞാന്‍ തന്നെ 
ഒരു  പൊയ്മുഖമല്ലേ ...
അവര്‍ക്കിടയില്‍ 
തുറന്നുവച്ച 
മനസ്സാണല്ലോ 
എന്‍റെ പൊയ്മുഖം ..
അപ്പോള്‍ 
ശരിക്കും  ഏതാണ്
എന്‍റെ മുഖം ?
മനസ്സോ 
അതോ 
മുഖമോ ?
ചായം തേച്ച്
മിനുക്കിയാലോ ?
എല്ലാ മുഖങ്ങളും 
അങ്ങനെയല്ലേ ..
ഇല്ല ,ഞാനില്ല !
എനിക്കീ മുഖം
തന്നെ മതി .
നാളെ  അവര്‍ 
എല്ലാ മുഖങ്ങളും
അഴിച്ചുവയ്ക്കുമ്പോള്‍  
സ്വന്തമെന്നു പറയാന്‍
എനിക്കൊരു
മുഖമുണ്ടാവുമല്ലോ
അവര്‍ക്കില്ലാതെ പോകുന്ന
ഒരു മുഖം
അത് മതി
എനിക്ക് !
    

2011, ജൂൺ 1, ബുധനാഴ്‌ച

ആത്മസുഖം

വറുതിയില്‍ നിന്ന്
വറുതിയിലേക്ക്
തെന്നി വീഴുമ്പോഴും
നൊമ്പരങ്ങള്‍ക്കിടയില്‍
ചികഞ്ഞ് കിട്ടിയ
ആത്മസുഖത്തിന്‍റെ
നെരിപ്പോട്
ഊതി ഊതി
ഞാനിരുന്നു .
വറവുചട്ടിയിലിട്ട്
വറുത്തു കോരിയപ്പോഴും
കനലെടുത്ത് ഭക്ഷിക്കാന്‍
തന്നപ്പോഴും
ഞാനറിഞ്ഞു
ദൈവമെന്നെ
ഒരുപാട്
സ്നേഹിക്കുന്നെന്ന്...

ആത്മദുഃഖം

കുഞ്ഞു പിറന്നു
“ പെണ്ണാണ് ”
മറ്റൊരു
കുരുതിപ്പൂകൂടി
അമ്മേ
നിന്നിലര്‍പ്പിക്കാന്‍
വൈകാതെ...

2011, മേയ് 30, തിങ്കളാഴ്‌ച

വന്‍കരകള്‍

ഭൂപടങ്ങളില്‍
വന്‍കരകളായ്
നിന്നപ്പോള്‍
പ്രളയത്തിന് മുമ്പുള്ള
ഒറ്റ ഭൂഗണ്ഠത്തിലേക്ക്
സാധ്യതകളില്ലാഞ്ഞിട്ടും
ഒരു പാഴ്ശ്രമം
നടത്താന്‍
കോടതി അവരെ
കൌണ്‍സെല്ലിങ്ങിനു
വിട്ടു .
എങ്ങനെയൊന്നാവും
അടര്‍ന്നുപോയ
ഫലക ഘടകങ്ങള്‍
ഇനി തിരിച്ചുകിട്ടില്ലല്ലോ ?

അല്ല പിന്നെ !

കടലിലെ വെള്ളവും
കണ്ണിലെ നീരും
ഒരിക്കലും വറ്റില്ലെന്ന്
അറിഞ്ഞപ്പോള്‍
അവള്‍
മനസ്സിനോട് പറഞ്ഞു
“ദേ മനസ്സേ
ഇനി ഇങ്ങനെ
വിഷമിച്ചാല്‍
ചുട്ട അടികൊള്ളും”
അല്ല പിന്നെ !

2011, മേയ് 29, ഞായറാഴ്‌ച

മനപ്പൊരുത്തം

 
ഇഷ്ടങ്ങളും
അഭിരുചികളും
സമാനതകളില്‍
നിലയുറപ്പിച്ച്
വിവാഹിതരായപ്പോള്‍
ഒന്ന് മാത്രം
അവര്‍ അറിഞ്ഞില്ല
“മനപ്പൊരുത്തം”.

ഇനി യാത്രയില്ല



ആളൊഴിഞ്ഞ
തീവണ്ടിപ്പാതയില്‍
ചുമലിലെ
വിഴുപ്പുകളെല്ലാം
ഇറക്കിവെച്ച്
അവള്‍ പറഞ്ഞു
“ഇനി യാത്രയില്ല ”

വ്യഥ


ചാഞ്ഞമരം
അവസാനത്തെ
ചാഞ്ഞമരവും
കടപുഴകിയപ്പോള്‍
ഉമ്മറപ്പടിയിലിരുന്ന്
അച്ഛന്‍ കരഞ്ഞു.
ഇനി വഴക്കിടുമ്പോള്‍
കേള്‍ക്കാനും
ദേഷ്യപ്പെടാനും
പരിഭവങ്ങള്‍
പറയാനും
തനിക്കിനി
താന്‍ മാത്രം ...

മകളുടെ ഗദ്ഗദം
നിഴലുകള്‍
ഒളിച്ചോടിയ
രാത്രികളില്‍
ചുവരിലിരുന്ന്
പല്ലി ചിലച്ചു
“പോയതെല്ലാം സത്യം”.
നാളെ ഞാനും
ആരുമറിയാതെ
ആഡംബരങ്ങളില്ലാതെ
അകമ്പടിയില്ലാതെ
ഒരു കുടത്തില്‍
കൂട്ടിവച്ച
ഭസ്മ ധൂളികളില്‍
അസ്ഥികളില്‍
പിടഞ്ഞ
മനസ്സിന്‍റെ
നോവുമായി ..
ഒടുവില്‍
ഈ സാഗരത്തിന്‍
അഗാത ഗര്‍ത്തങ്ങളില്‍
അലിയും..
ആ മടിത്തട്ടില്‍
തലചായ്ക്കാന്‍
കൊതിയാവുന്നമ്മേ
എനിക്ക്...
ഞാന്‍ വരുന്നതും
കാത്ത് അമ്മയിരിക്കുന്നോ ?
തീരത്തണയും
തിരമാലകളില്‍
അമ്മയുടെ
മനസ്സിന്‍റെ
കിതപ്പ്.
ഇനിയും
നീറുന്നതെന്തിനാണ് ?
പിടയ്ക്കുന്ന  
നെഞ്ചിനെ
ശാന്തമാക്കാന്‍
ഒരു കാറ്റായെങ്കിലും  
ഞാന്‍ വരും
വരാതിരിക്കില്ല ..

മകന്‍റെ മനസ്സ്
കൂട്ടിവച്ച
സ്വപ്നങ്ങളില്‍
കാലമേകിയ
മുറിവുകളുണക്കാന്‍
കൂട്ടായെത്തിയ
പ്രാണസഖി .
തനിക്ക്
തെറ്റ് പറ്റിയോ?
അതോ അവര്‍ക്കോ?
എന്തായാലും
തെറ്റിയത്
ഈ ജീവിതം !

ഉപാധി

പിഴിഞ്ഞുവച്ച
ഓരന്ജ് ചാറിന്‍റെ
കനപ്പ്
കുടിച്ചിറക്കുമ്പോള്‍
ജീവിതമെന്ന
കയ്പുനീര്‍
കുടിച്ചുവറ്റിക്കാനുള്ള
ഉപാധികള്‍ തേടി
അയാളുടെ
മനസ്സ് അലഞ്ഞു ..

2011, മേയ് 23, തിങ്കളാഴ്‌ച

മുള്ളുകള്‍


മുള്ളുകള്‍ തറച്ച് തറച്ച്
അരിപ്പയായൊരീ
ഹൃദയവും താങ്ങിയിനി-
യെത്ര ദൂരം പോകണം ..
ചോര പൊടിയില്ല
താളവും നിലയ്ക്കില്ല ..
മുതുകില്‍ നിറയും
ഉത്തരവാദിത്ത ബോധങ്ങള്‍
കടപ്പാടുകള്‍
രക്തബന്ധങ്ങള്‍
സൗഹൃദങ്ങള്‍ ..
അരിപ്പ താങ്ങി
നടക്കുന്നു ഞാന്‍ ..
പൊട്ടി വീഴാതെ ..
വാര്‍ന്നുപോകാതെ
ഉള്ളിലെ
നൊമ്പരച്ചാറുകള്‍
ചോരാതെ ..
വലിച്ചു മാറ്റുന്നു
വീണ്ടുമീ
മുള്ളുകള്‍
ഞാന്‍..........