2011, മേയ് 30, തിങ്കളാഴ്‌ച

വന്‍കരകള്‍

ഭൂപടങ്ങളില്‍
വന്‍കരകളായ്
നിന്നപ്പോള്‍
പ്രളയത്തിന് മുമ്പുള്ള
ഒറ്റ ഭൂഗണ്ഠത്തിലേക്ക്
സാധ്യതകളില്ലാഞ്ഞിട്ടും
ഒരു പാഴ്ശ്രമം
നടത്താന്‍
കോടതി അവരെ
കൌണ്‍സെല്ലിങ്ങിനു
വിട്ടു .
എങ്ങനെയൊന്നാവും
അടര്‍ന്നുപോയ
ഫലക ഘടകങ്ങള്‍
ഇനി തിരിച്ചുകിട്ടില്ലല്ലോ ?

അല്ല പിന്നെ !

കടലിലെ വെള്ളവും
കണ്ണിലെ നീരും
ഒരിക്കലും വറ്റില്ലെന്ന്
അറിഞ്ഞപ്പോള്‍
അവള്‍
മനസ്സിനോട് പറഞ്ഞു
“ദേ മനസ്സേ
ഇനി ഇങ്ങനെ
വിഷമിച്ചാല്‍
ചുട്ട അടികൊള്ളും”
അല്ല പിന്നെ !

2011, മേയ് 29, ഞായറാഴ്‌ച

മനപ്പൊരുത്തം

 
ഇഷ്ടങ്ങളും
അഭിരുചികളും
സമാനതകളില്‍
നിലയുറപ്പിച്ച്
വിവാഹിതരായപ്പോള്‍
ഒന്ന് മാത്രം
അവര്‍ അറിഞ്ഞില്ല
“മനപ്പൊരുത്തം”.

ഇനി യാത്രയില്ല



ആളൊഴിഞ്ഞ
തീവണ്ടിപ്പാതയില്‍
ചുമലിലെ
വിഴുപ്പുകളെല്ലാം
ഇറക്കിവെച്ച്
അവള്‍ പറഞ്ഞു
“ഇനി യാത്രയില്ല ”

വ്യഥ


ചാഞ്ഞമരം
അവസാനത്തെ
ചാഞ്ഞമരവും
കടപുഴകിയപ്പോള്‍
ഉമ്മറപ്പടിയിലിരുന്ന്
അച്ഛന്‍ കരഞ്ഞു.
ഇനി വഴക്കിടുമ്പോള്‍
കേള്‍ക്കാനും
ദേഷ്യപ്പെടാനും
പരിഭവങ്ങള്‍
പറയാനും
തനിക്കിനി
താന്‍ മാത്രം ...

മകളുടെ ഗദ്ഗദം
നിഴലുകള്‍
ഒളിച്ചോടിയ
രാത്രികളില്‍
ചുവരിലിരുന്ന്
പല്ലി ചിലച്ചു
“പോയതെല്ലാം സത്യം”.
നാളെ ഞാനും
ആരുമറിയാതെ
ആഡംബരങ്ങളില്ലാതെ
അകമ്പടിയില്ലാതെ
ഒരു കുടത്തില്‍
കൂട്ടിവച്ച
ഭസ്മ ധൂളികളില്‍
അസ്ഥികളില്‍
പിടഞ്ഞ
മനസ്സിന്‍റെ
നോവുമായി ..
ഒടുവില്‍
ഈ സാഗരത്തിന്‍
അഗാത ഗര്‍ത്തങ്ങളില്‍
അലിയും..
ആ മടിത്തട്ടില്‍
തലചായ്ക്കാന്‍
കൊതിയാവുന്നമ്മേ
എനിക്ക്...
ഞാന്‍ വരുന്നതും
കാത്ത് അമ്മയിരിക്കുന്നോ ?
തീരത്തണയും
തിരമാലകളില്‍
അമ്മയുടെ
മനസ്സിന്‍റെ
കിതപ്പ്.
ഇനിയും
നീറുന്നതെന്തിനാണ് ?
പിടയ്ക്കുന്ന  
നെഞ്ചിനെ
ശാന്തമാക്കാന്‍
ഒരു കാറ്റായെങ്കിലും  
ഞാന്‍ വരും
വരാതിരിക്കില്ല ..

മകന്‍റെ മനസ്സ്
കൂട്ടിവച്ച
സ്വപ്നങ്ങളില്‍
കാലമേകിയ
മുറിവുകളുണക്കാന്‍
കൂട്ടായെത്തിയ
പ്രാണസഖി .
തനിക്ക്
തെറ്റ് പറ്റിയോ?
അതോ അവര്‍ക്കോ?
എന്തായാലും
തെറ്റിയത്
ഈ ജീവിതം !

ഉപാധി

പിഴിഞ്ഞുവച്ച
ഓരന്ജ് ചാറിന്‍റെ
കനപ്പ്
കുടിച്ചിറക്കുമ്പോള്‍
ജീവിതമെന്ന
കയ്പുനീര്‍
കുടിച്ചുവറ്റിക്കാനുള്ള
ഉപാധികള്‍ തേടി
അയാളുടെ
മനസ്സ് അലഞ്ഞു ..

2011, മേയ് 23, തിങ്കളാഴ്‌ച

മുള്ളുകള്‍


മുള്ളുകള്‍ തറച്ച് തറച്ച്
അരിപ്പയായൊരീ
ഹൃദയവും താങ്ങിയിനി-
യെത്ര ദൂരം പോകണം ..
ചോര പൊടിയില്ല
താളവും നിലയ്ക്കില്ല ..
മുതുകില്‍ നിറയും
ഉത്തരവാദിത്ത ബോധങ്ങള്‍
കടപ്പാടുകള്‍
രക്തബന്ധങ്ങള്‍
സൗഹൃദങ്ങള്‍ ..
അരിപ്പ താങ്ങി
നടക്കുന്നു ഞാന്‍ ..
പൊട്ടി വീഴാതെ ..
വാര്‍ന്നുപോകാതെ
ഉള്ളിലെ
നൊമ്പരച്ചാറുകള്‍
ചോരാതെ ..
വലിച്ചു മാറ്റുന്നു
വീണ്ടുമീ
മുള്ളുകള്‍
ഞാന്‍..........

2011, മേയ് 14, ശനിയാഴ്‌ച

ഒരു മഴ പെയ്തൊഴിയുമ്പോള്‍...


നിറഞ്ഞു പെയ്യുന്ന മഴ
അമ്മയുടെ കണ്ണീരാണ്...
പറയാനുള്ളതെല്ലാം
ബാക്കിവെച്ചുപോയ.....
ഒരുപാടു ആശിച്ച
ജീവിതത്തിന്‍റെ ...
സ്വപ്നങ്ങളുടെ...

വിധി സത്യമാണ് ...
തിരിച്ചറിവിന്‍റെ
വാള്‍മുനകള്‍
ഹൃദയത്തിലാണ്
ആഴ്ന്നിറങ്ങിയത്..
ഒരിക്കലും ഉണങ്ങാത്ത
മുറിവുകള്‍ ...
പ്രിയമുള്ളവരുടെ
വേര്‍പാട്‌
പച്ചമുറിവുകളായ്...

സത്യമാണോന്ന്
പകച്ചുനിന്ന
നിമിഷങ്ങള്‍..
ആര്‍ത്തുപെയ്യുന്ന
മഴയെ
ഞാന്‍ വെറുത്തത്
അപ്പോഴാണ്...
അമ്മയെ എന്നില്‍ നിന്നും
പറിച്ചെടുത്ത
ആ മഴക്കാലത്തെ..

ഇപ്പോള്‍ അമ്മയുടെ
മനസ്സ്
ഞാനറിയുന്നു
പുറത്തു പെയ്യുന്ന
ഈ പെരുമഴയില്‍..
അമ്മയുടെ
കണ്ണുനീര്‍തുള്ളികള്‍
എന്നെ നനയിപ്പിക്കുന്നു..
ഒറ്റയ്ക്കിരിക്കുമ്പോള്‍
ഒരു ചാറ്റല്‍മഴയായ്‌
എന്നെ തലോടുന്നു..
എന്തൊക്കെയോ
എന്നോടു പറയുന്നു ..
മഴയുടെ ശബ്ദം
അമ്മയുടെ വാക്കുകളായ്
പുനര്‍ജനിച്ചെങ്കില്‍..
കൊതിക്കുന്നു ഞാന്‍
വെറുതെയെന്നറിയാമെന്നാലും..
കുത്തിയൊഴുകുന്ന
തൊടിയിലെ വെള്ളത്തില്‍
പതയുന്ന
നീര്‍കുമിളകള്‍..
ജീവിതവും
മരണവും
സത്യമെന്ന
യാഥാര്‍ത്യങ്ങള്‍..
നൈമിഷികമായ
സ്വപ്‌നങ്ങള്‍ പോലെ
ജീവിതം ...
ഓരോ മഴയ്ക്കും
പിരിഞ്ഞുപോയവരെല്ലാം
പ്രിയമുള്ളവരെ
തഴുകുന്നുണ്ടാവും..
അവരുടെ
ഹൃദയത്തില്‍ നിന്ന്
അടര്‍ന്നു വീഴുന്ന
കണങ്ങള്‍ ചേര്‍ന്ന്
മഴയായ്‌ അങ്ങനെ
നമ്മളെല്ലാം നനയും..
ഒടുവില്‍ ഒരു മഴയായ്‌
നമ്മളും
പെയ്തൊഴിയും....     

2011, മേയ് 8, ഞായറാഴ്‌ച

പിറവി

സര്‍വ്വനാഡികളും തളര്‍ന്ന
മനസ്സിന്‍
ഇടുപ്പെല്ലിനിടയിലൂടെ
തിങ്ങിയമരുന്ന നോവുകള്‍ക്കിടയില്‍
അക്ഷരങ്ങള്‍ വാക്കുകളായ്
പിറവി കൊണ്ടു
കൂട്ടിവച്ചപ്പോള്‍ കവിതപോലെ...
അറിവിന്‍റെ കാണാകടലാഴങ്ങളില്‍
മുങ്ങിത്തപ്പാന്‍ ശ്രമിച്ചിട്ടും
ഒരു മുത്തുപോലും വാരാനാവാതെ
തീരത്തിരിക്കുമ്പോഴേതോ
നിഴല്‍ നോക്കി പല്ലിളിച്ചു ..
ഒരു നോക്കുകുത്തിയായ്‌ തനിയെ , വെറുതെ
കൂട്ടിയിട്ട കടലാസ്സു കൂമ്പാരങ്ങള്‍ക്കുള്ളില്‍
ജീവിതത്തിന്‍റെ പച്ചപ്പ്തേടി
മറുവാക്കുപറയാനാവാതെ
കാലമേല്പ്പിച്ച വൃണിത
മുറിപ്പാടുകളില്‍ എന്‍റെ
പേനതന്‍ മഷികുടഞ്ഞ്
ഒരു ചിത്രം വരച്ചു ഞാന്‍ ..
സായന്തനത്തില്‍ വീശുന്ന
ഇളംകാറ്റ് പോലെ
ലോലമാം വിരല്‍ത്തുമ്പിനാല്‍
കോറിയിട്ട വരികള്‍ക്കിടയിലെവിടെയോ
നഷ്ടസുഗന്ധങ്ങള്‍
പുനര്‍ജനികളായ്
പൂത്തുലഞ്ഞു...

കോരിച്ചൊരിഞ്ഞ
കര്‍ക്കടമഴയില്‍
നിറഞ്ഞുതുളുമ്പിയ
കിണര്‍വെള്ളം
കോരിക്കുടിച്ചപ്പോള്‍
ഉള്ളിലെവിടെയോ
വറ്റിവരണ്ട ഓര്‍മകളില്‍
നീരോലിപ്പിന്‍റെ നനവുകള്‍..
ആരും കൊതിച്ചിടും
പോയകാലത്തിന്‍റെ
സ്മൃതിമധുരിമകളില്‍
നൊട്ടിനുണഞൊരു
മാമ്പഴം പോലെബാല്യകാലം ..
എന്നും കൊതിച്ചൊരു മാമ്പഴക്കാലം ..