
കുഞ്ഞുങ്ങളേ .. മറക്കുക..
പിച്ചവച്ചുനടന്നോരീ മുറ്റത്തെ
മുല്ലത്തൈയിലിനിയും
പൂക്കള്‍ വിടരുമോ ???
പൂവൊന്നിറുത്തിടാന്‍
നിങ്ങള്‍ക്കിനിയുമാവുമോ??
ശയ്യാവലംബികള്‍
ഓമനക്കുഞ്ഞുങ്ങളെ ..
നിങ്ങളീയമ്മമാര്‍ക്കായ്
തോരാക്കണ്ണീര്‍ കുടങ്ങളായ്
വന്നവര്‍...
ഗര്‍ഭപാത്രത്തില്‍ നിങ്ങളന്നു
കഴിഞ്ഞ നാളിലാശകള്‍
മാനം മുട്ടുവോളം ...
മനസ്സിതില്‍ സ്വപ്നങ്ങളായിരം
നിറചീയമ്മമാര്‍ ഞങ്ങള്‍
നിങ്ങളെ കാത്തു കാത്തിരുന്നു..
ദൈവമേകിയ സ്വപ്നസൌഭാഗ്യ
തങ്കക്കുടങ്ങള്‍ ...നിങ്ങള്‍ ..
വേദനകള്‍ പേറി
ജീവിതത്തോണിയിലേറി നിങ്ങളും
ജന്മപാപങ്ങള്‍ തന്‍ കര്‍മ്മഫലമോ ??
ശാന്തിതീര്‍ത്ഥങ്ങള്‍ തേടിയലയുന്നൂ
തഥാഗതര്‍ ചുറ്റിലും..
മരണം മണക്കുന്ന
ഇടവഴികളിലെങ്ങും
കാറ്റുപോലും പേടിചെങ്ങോ പോയെന്നോ ?
അര്‍ത്ഥ ശൂന്യമീ ജീവിത ചിത്രത്തില്‍
ചായങ്ങള്‍ പൂശുവാന്‍
സ്വപ്‌നങ്ങള്‍ പോലുമില്ലയോ ??
ആര്‍ക്കുവേണ്ടിയീ പാതകങ്ങള്‍..
ഭൂമി .. ദേവി കാണുന്നില്ലയോ
ബുദ്ധികെട്ടോരീ മനുഷ്യര്‍ തന്‍
അഹങ്കാര ചേഷ്ടകള്‍ ..
കോപമേറുന്നു
സൂര്യപിതാവിനും..
താപം പൊഴിയുന്നു വേനലില്‍.
മാനത്തുനിന്നും പോഴിയുന്നതെന്തോ ?
തണ്ണീരല്ലിത് വിഷധൂമങ്ങളല്ലേ..
എങ്ങും കേള്‍ക്കുന്നു
കാതടപ്പിക്കുന്ന ഹുങ്കാരനാദം..
യമകിങ്കരരെങ്ങും
പാശവുമായ് പാഞ്ഞുനടക്കുന്നു ..
എന്‍ഡോസള്‍ഫാന്‍
എന്തിനു വേണ്ടി..
ആര്‍ക്കുവേണ്ടിയീ വിഷക്കൂട്ടു
പൂശുന്നൂ..
നീരുറവകളിലൂറും
നീരിലോ .. മധുരമല്ലത്
വിഷക്കയ്പ്പുമാത്രം..
ദാഹമേറുന്ന തൊണ്ടനനയ്ക്കുവാന്‍..
വിഷകണങ്ങള്‍ മാത്രം..
ദാഹമകറ്റുവാന്‍ അമ്മയ്ക്ക്
കണ്ണീരുപോലും
തരാനാവില്ലല്ലോ ?
കണ്ണീരിലും നിറയും
വിഷക്കനപ്പുമാത്രം..