2012 നവംബർ 3, ശനിയാഴ്‌ച

നമ്മള്‍

ഇന്നലെ
പിരിച്ചു ചേര്‍ത്ത
രണ്ട് നൂലിഴകള്‍ നമ്മള്‍..
ഒരിക്കലും ചേരാത്ത
നിറങ്ങളായിട്ടും
എപ്പഴോ ഇഴചേര്‍ന്നു .
നിന്‍റെ വെളുപ്പുകണ്ട്
ഞാന്‍ ഭയന്നപ്പോള്‍
കറുപ്പാെണനിക്കിഷ്ടമെന്ന്
നീ പറഞ്ഞില്ലേ ..
കറുപ്പിനെ സ്നേഹിക്കാന്‍
ഞാന്‍ പഠിച്ചത്
അപ്പോഴാണ് ..
പുതിയ വര്‍ണമായി
ഇഴപിരിഞ്ഞപ്പോള്‍
ആരോ സൂചിയില്‍
കോര്‍ത്തില്ലേ നമ്മളെ ..
പിന്നെ തുന്നിയ
പട്ടുടുപ്പിന്
എന്തുഭംഗിയാണെന്ന്
കണ്ടവരെല്ലാം
പറഞ്ഞപ്പോള്‍
നമ്മള്‍ പരസ്പരം
പുഞ്ചിരിച്ചില്ലേ ..

ഇന്ന്
കുറച്ച് പഴകിയ
ഈ പട്ടുടുപ്പില്‍
തുളകള്‍ വീഴാന്‍ തുടങ്ങി
അകലം കൂടുന്നു ..
നെയ്ത  ഇഴകള്‍ക്കിടയില്‍  
ഇടയ്ക്കെവിടെയോ  
ചരടുകള്‍ പൊട്ടുന്നു..
ഇഴകളെല്ലാം
ദ്രവിച്ചിരിക്കുന്നു ..
ഒരിക്കലും തിരികെ
േചര്‍ക്കാനാവാത്തവിധം
പൊടിഞ്ഞമരുന്നു..

നാളെ
ദ്രവിച്ച് ദ്രവിച്ച്
പരസ്പരം
തിരിച്ചറിയാനാവാത്തവിധം
നമ്മള്‍ നമ്മളെ
മറന്നുപോകും....