2012 ഏപ്രിൽ 21, ശനിയാഴ്‌ച

മരുഭൂമികള്‍ ഉണ്ടാവുന്നത് ...

ഒരേ വഴിയാത്രക്കാര്‍ നമ്മള്‍ ,
ഒരേ കൈക്കോര്‍ത്തവര്‍  ...
എന്നിട്ടും , 
നീയും ഞാനും അന്ന്യര്‍ !
എന്റെ കണ്ണില്‍
ഉറവുപൊട്ടിയ മൌനം..
ഇന്ന് ഞാന്‍ ,
നിന്റെ പ്രണയമില്ലാതെ , 
വരണ്ട മരുഭൂമി !
ഒരേ മുറി , ഒരേ ശയ്യ ,
എന്നിട്ടും ,
രണ്ടിടങ്ങളിലായി നമ്മള്‍ ,
വശം തിരിഞ്ഞ്,
ഇടയില്‍ നഷടമായ
എന്തോ തിരഞ്ഞ് ,
പുലരുവോളം !
അശാന്തം ,
നിന്റെ മനസ്സിനുള്ളില്‍ ,
കലങ്ങിച്ചുവന്ന,
എന്റെ ഹൃദയം ,
കൊരുത്തിരിക്കുന്നു .
എന്നിട്ടുമെന്തേ ..
ഈ തുരുത്തില്‍ ,
നാം ഒറ്റപ്പെട്ടവരായത് ,
മരുഭൂമികളായത്‌ !       

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

തനിയെ...

ചാഞ്ഞ പൂമരം ഞാന്‍ ,
അതിദ്രുതം ഈ കാറ്റില്‍,
കൊഴിഞ്ഞു വീണ -
മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍ ..
ഉള്ളില്‍ ബാക്കി , 
ഇനിയും തീരാ ,
കദനഭാരം !
ഏകാന്തം , ഈ
വഴിയോരത്തില്‍ ..
ഉള്ളിലണയാ,
കനല്പ്പെരുക്കം !
സ്വപ്‌നങ്ങള്‍ പൂത്തിരുന്ന 
എന്‍റെ ഒറ്റനിലാവില്‍,
ഇന്ന് പ്രണയം ,
തണുത്തുറഞ്ഞ വെറും ജഡം ! 
ഹിമപാതമേറ്റുറഞ്ഞ,   ,
എന്റെ നീര്‍വാഹിനികളില്‍,
നിന്‍റെ ഓര്‍മ്മകള്‍ ,
ചൂട് പകരുമ്പോള്‍ ..
ശാഖകളില്‍ വേരുകളാഴ്ത്തി ,
ചെറു ചെടിപ്പടര്‍പ്പുകള്‍.. 
എന്റെ ഹൃദയനീരാണ്,
ഊറ്റിയെടുക്കുന്നതെന്നും,
അറിയാതെയല്ല ..
ഒരേ രക്തമായതുകൊണ്ടാവാം ,
പറിചെറിയാനാവാതെ,
ശിരോലിഖിതങ്ങളെ
പഴി പറയാതെ ,
മറവിയുടെ മാറാലക്കൂട്ടിലേക്ക്,
നിന്നെ ഞാന്‍ തള്ളിയിട്ടത്‌ !   
പൂക്കുന്ന സന്ധ്യകളില്‍ ,
ഉള്ളിലുറയും സന്ദേഹങ്ങളില്‍,
വീണ്ടും ഒരു മോഹമുണരുന്നു,
ഒരു താങ്ങായ് ,
ആരെങ്കിലും 
ഉണ്ടായിരുന്നെങ്കിലെന്ന്!    
     
ചിത്രം  കടപ്പാട് : ഗൂഗിള്‍

2012 ഫെബ്രുവരി 27, തിങ്കളാഴ്‌ച

പകല്‍ക്കിനാവ്

പടം പൊഴിച്ച് ,
ഇഴഞ്ഞുനീങ്ങിയിട്ടുണ്ട്
ചില കാമനകള്‍ ..
വെന്തുരുകുന്ന മണല്പ്പരപ്പിലൂടെ
ഇഴഞ്ഞു നീങ്ങുമ്പോള്‍,
ഉടലുപൊട്ടി,നീറി നീറി,
എവിടെയോ
ചുരുണ്ടുകൂടി കിടക്കുന്നുണ്ട്.
ഫണമുയര്‍ത്താതെ,
സീല്‍ക്കാരമില്ലാതെ,
പകല്കിനാവുകണ്ട്,
ഒരു ദീര്‍ഘനിശ്വാസം !

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

ശൂന്യത

ശൂന്യമാകുന്നു സര്‍വ്വവും!
തിരകളാര്ത്തിരമ്പി 
തളര്‍ന്നുറങ്ങുമീ ,
സാഗരത്തിന്‍ 
ശാന്തതയ്ക്കുള്ളിലും ..
അഗാധതയില്‍ 
ഉരുത്തിരിയും ,
നീര്‍ച്ചുഴികളില്‍ ,
ഉത്തരം കിട്ടാതെ ,
വാക്കുകള്‍ പോരാതെ ,
പരസ്പരം മിണ്ടാതെ ,
തന്നിലേയ്ക്കുള്‍വലിയുമേതോ, 
തിരമാലകളായ് വീണ്ടും ..
ഇനിയെത്ര ശ്രമിച്ചാലും ,
പുല്കുവാനാകാതെ ,
കരയെത്രമേല്‍ 
അകന്നുപോയിരിക്കുന്നു ..