2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

ബാക്കിയാവുന്നത്...

ഇടയ്ക്കഴിച്ചും  മുറുക്കിയും 
ഉള്ളിലൊരു  ഭാണ്ധമുണ്ട്  ..
നല്ലതും ചീത്തയുമെല്ലാം ,
ഒന്നിച്ച്‌ കൂടിക്കുഴഞ്ഞ്‌ ..
കളയുവാനുണ്ട്‌ പലതും ,
പതം വരാത്ത   ചിന്തകളും ,
എപ്പഴോ അടിഞ്ഞുകൂടിയ 
അഴുക്കുകളും..
കൂട്ടിവയ്ക്കാനുണ്ട് പലതും ,
എന്തിനാണെന്നറിയില്ല ,
ആറടി മണ്ണില്‍ 
അലിഞ്ഞു ചേരുമ്പോഴും ,
പുഴുവരിക്കാതെ ,
കൂടെയുണ്ടാവണം 
ചില നന്മകളെങ്കിലും...    

ഉത്തരമറിയാതെ ...

നാല് ചുമരുകള്‍ക്കുള്ളില്‍
കുടുങ്ങിക്കിടക്കുന്നുണ്ട്
ഒരു ജീവന്‍ ..
ഒന്നുമറിയാതെ ,
ആരോരുമില്ലാതെ ,
ആധികളില്ലാതെ ,
ആവശ്യങ്ങളും
പരാതികളുമില്ലാതെ,
ശാന്തമായി ഉറങ്ങുകയാവും.
ചിലപ്പോള്‍ വേദനപോലും,
തിരിച്ചറിയാനാവാതെ
മരവിച്ചുപോയിരിക്കാം ,
ആ മനസ്സും ....
കണ്ണുകള്‍ മാത്രം
ചലിക്കുന്നുണ്ട് ,
നെഞ്ചുപൊട്ടുന്ന
നൊമ്പരങ്ങളറിയാം
ആ മിഴികളില്‍..
കണ്ണീരുതിരുന്നുണ്ടാവാം
ആരുമറിയാതെ ..
സ്വപ്‌നങ്ങള്‍ ഏറെ
ബാക്കിയുണ്ടാവാം,
എവിടെയോ
നീറിനീറിക്കഴിയുന്ന
കുടുംബമുണ്ടാവാം..
നിസ്സഹായരായി,
കണ്ണുനീര്‍ വറ്റി ,
പ്രാര്‍ത്ഥനയുമായി ,
ചില ജീവിതങ്ങള്‍ ..
സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍
ഉണരാതിരിക്കില്ല ഒരുനാള്‍..
ഇനിയും തിരിചെടുക്കാതെ
ബാക്കിവെച്ചത് ,
ഉയിര്തെഴുന്നെല്‍ക്കാന്‍ തന്നെയാണ് !

മൃതിയുലാത്തും ഇടനാഴിയിലൂടെ ,
നടന്നകലുമ്പോള്‍ ..
മനസ്സില്‍ മായാതെ ,
ഓരോ മുഖങ്ങളും ..
ഒഴുക്കിനൊപ്പം ഒഴുകുമ്പോഴും
നീര്ച്ചുഴികളായി ഉള്ളില്‍
ആഴ്ന്നിറങ്ങുന്നു ,
ചില നോവുകള്‍...
ചിന്തകള്‍ മരവിച്ചുപോയെങ്കിലെന്നു,
ചിലപ്പോഴെങ്കിലും ആശിക്കാറില്ലേ?
ഓര്‍ക്കാനൊന്നുമില്ലാതാവുമ്പോള്‍ ,
ചിന്തകളെങ്കിലും കൂട്ടിനു -
ണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പോകില്ലേ ?
ഓര്‍മകളും ചിന്തകളുമില്ലാതാവുമ്പോള്‍,
ഉത്തരമില്ലാത്ത സമസ്യയായി ,
നീണ്ടുപോകുന്നു ജീവിതം !


(പിന്കുറിപ്പ് : വാഹനാപകടത്തില്‍ പെട്ട് അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന ഒരു സഹോദരനെ കാനാനിടയുണ്ടയായപ്പോള്‍ ഉള്ളില്‍ എവിടെയോ തോന്നിയ ചില വേദനകള്‍ .. ഒന്നേ എന്റെ കൂടുകാരോട് പറയാനുള്ളൂ , വളരെ ശ്രദ്ധിച്ചു വാഹനമോടിക്കുക ,നിയമങ്ങള്‍ ശ്രദ്ധിക്കുക . പിന്നെയെല്ലാം ദൈവഹിതം .)

2011 ജൂലൈ 19, ചൊവ്വാഴ്ച

തേങ്ങല്‍


അളവുതൂക്കങ്ങളില്‍
കുറവുണ്ടാവാം
പെണ്ണുകാണാന്‍ വന്നവര്‍
ഒന്നും പറയാതെ
ഇറങ്ങിപ്പോയി .
ഇനിയും കുറച്ച്
മുതല്കൂടി
കരുതേണമെന്ന്
അച്ഛന്‍ അമ്മയോട്
പറഞ്ഞു .
നോക്കുക്കുത്തിപോലെ
മുടക്കുച്ചരക്കായ
ഒരു ജന്മം
വാതിലിനുപിന്നില്‍
ആരുമറിയാതെ
തേങ്ങി ...

2011 ജൂലൈ 12, ചൊവ്വാഴ്ച

യാത്ര

 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
കയ്യിലെടുക്കാനില്ലൊന്നും
കൂടെയുള്ള രോഗങ്ങളൊഴികെ..
 
നാളെ ഞാനെത്തുമെന്‍ മണ്ണില്‍ 
നാടറിയാതെ മാറിയിട്ടുണ്ടാവാം 
നാട്ടുവഴിയോരത്തെയാ 
നാട്ടുഗന്ധം പോലും .
 
കാല്‍പതിയ്ക്കുമ്പോള്‍ പൊള്ളിയേക്കാം 
സഹനമറ്റൊരു  മാതാവിന്‍ 
താപമാര്‍ന്നൊരു  ഹൃദയത്താല്‍ ..
കാര്‍മുകിലുതിര്‍ത്തിടും വിഷലിപ്തമാം
കണ്ണുനീര്‍ പെയ്ത്തിനാല്‍ 
ഉരുകിയമര്‍ന്നിടും ഞാന്‍ ചിലപ്പോള്‍  ..
 
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും
കാതുകള്‍ പൊത്തിയേക്കാം..   
കണ്ണുകള്‍ അടച്ചേക്കാം ...
 
അകമേ നിറയുന്ന ആത്മനിന്ദ -
കൊണ്ടെരിയുന്നുവെന്‍ ചിന്തകള്‍ 
പെണ്ണായ് പിറന്നുപോയതിനാലോ  
പേര്‍ത്തുമിങ്ങനെ   പീഡനങ്ങളേറുന്നു മണ്ണില്‍
ഉള്‍ത്തലത്തിലുതിരും   ഉള്‍ഭയം കൊണ്ടോ
ഉണ്മവിട്ട നരാധമന്മാരെ ഭയന്നോ  
പൂട്ടിവെയ്ക്കുന്നതെന്നാത്മരോഷമിന്നും ..
 
ഭദ്രപീടങ്ങളേറി നില്‍ക്കുന്നു "ജനാധിപത്യം"    
ഘോഷണം മുഴങ്ങുന്നു ചുറ്റിലും 
"സമ്പൂര്‍ണ്ണ സാക്ഷര സംസ്കാര  കേരളം "
എവിടെയാണ് ... നാം അറിഞ്ഞൊരാ 
സംസ്കാരമിന്ന് ?
എവിടെയാണ് ..നാം നേടിയ 
വിദ്യതന്‍   പുണ്യം ?
 
ചുറ്റും വിളയാടും ഗുണ്ടകള്‍ 
അഴിമതിവീരന്മാര്‍ ,കള്ളന്മാര്‍ 
അറ്റുപോകുന്ന സംസ്കാരനാളത്തെ
ഊതിക്കെടുത്തി ക്കൊണ്ടാത്ത്യു -
ന്നതികളില്‍ മേവും നരാധമര്‍..
സുഹൃത്തായ് പതിയായ് സോദരനായ്‌
അച്ഛനായ് മകനായ്‌ ഗുരുവായ്...
എന്നും നിറയുന്നു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ 
പീഡനം ,പീഡനമല്ലോ പലവിധം .
പെണ്ണ്  ,പെണ്ണല്ലോ   വിഷയം ,പെണ്ണ് മാത്രം 
പെണ്ണിന്‍ വില എത്രയുണ്ട്?
പെണ്ണിന് വേണം പൊന്ന്‌
പൊന്ന്‌ കുറഞ്ഞാലും പീഡനം .
 
വാര്‍ന്നുപോകുന്ന മൂല്യബോധങ്ങളില്‍ 
വിടര്ന്നിടുന്നു നവ മുകുളങ്ങള്‍ 
മാതൃക കാട്ടുവാന്‍ ആരുമില്ല 
മാതൃബന്ധത്തിന്‍ നേരുമില്ല 
നേര്‍വഴി അരുളുവാന്‍ അച്ഛനില്ല 
നെറികേട് മാത്രമേ കൂട്ടിനുള്ളൂ 
തെറ്റുകള്‍ തിരുത്താന്‍ ഗുരുവുമില്ല 
ഗുരുമനം പോലും കളങ്കമല്ലോ
ദേവാലയങ്ങളെ അറിയുകില്ല 
ദൈവമെന്തെന്നു ചോദിക്കുമപ്പോള്‍..
കുറ്റം ആരെ പറയേണ്ടൂ ?
കൂട്ടിവായിക്കാനറിയാത്ത  മക്കളെയോ ?                   
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും.
 
ചുറ്റും നിറയുന്ന കോണ്‍ക്രീറ്റ്   കൂരകള്‍
ചാമരം വീശും മരങ്ങളും മറഞ്ഞുപോയ്‌ 
വയലുകള്‍ പാടിയ പാട്ടുകളെങ്ങുപോയ്
വമ്ബെഴും  കേരളത്തനിമയും എങ്ങുപോയ് 
കേള്‍ക്കുന്നു വിഷധൂളിപ്പടര്‍പ്പിന്റെ നൊമ്പരം 
കാണുന്നു കാണാനരുതാത്ത കാഴ്ചകള്‍ 
ആത്മതാപത്തിന്‍ ഉത്തുംഗതയില്‍
അര്‍ക്കനും മൂകമായ് ചൊരിയുന്നു രോഷം 
ചുട്ടുപൊള്ളുന്ന മേടപ്പുലരികള്‍ 
ചങ്കുനീറ്റിക്കൊണ്ട്     നില്‍ക്കുന്നു ഭൂമിയും 
 
കാതുകള്‍ പൊത്തിയേക്കാം
കണ്ണുകള്‍ അടച്ചേക്കാം
നിസ്സഹായയായ് മണ്ണിലിരുന്നു 
തെങ്ങുവാന്‍ മാത്രമീ നാരീജന്മം .
ഉഴാവുച്ചാല്‍ കീറി അമ്മേ ..
നിന്നിലേയ്ക്കെടുക്കുക
മറ്റൊരു സീതയായ്  എന്നെയും 
താങ്ങുവാനിനിയും ശേഷിയില്ലാതെ 
നേര്‍ത്തിടുന്നൊരു ഹൃദയമിടിപ്പുകള്‍ 
നിന്നുപോയേക്കാം 
ഏതു നിമിഷാര്‍ധത്തിലും
തന്നിടാമോ ആറടി മണ്ണുമാത്രം
താപമേല്‍ക്കാതെ സ്നേഹവായ്പിനാല്‍ ..
അമ്മയില്‍ ചേര്‍ന്നിടട്ടെ
ശുദ്ധമാമെന്നാത്മനാളവു മീദേഹവും ... 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !