2011 ജൂൺ 17, വെള്ളിയാഴ്‌ച

മനസ്സ്

ദൂരമാപിനിയില്‍ 
മനസ്സ്
വരണ്ടുണങ്ങിയ 
നെല്‍പ്പാടങ്ങളും 
കടന്ന്‌
ഉറവവറ്റിയ 
നീര്‍ച്ചാലുകളില്‍
തടഞ്ഞ്
ഒഴുക്കിന്‍റെ
അഴിമുഖങ്ങള്‍ക്കപ്പുറം 
ആഴിതന്‍ 
അഗാധനീലിമയില്‍   
അലിഞ്ഞ്
കാണാക്കരകളില്‍ 
അലതല്ലിയണഞ്ഞു
ഇപ്പോള്‍ 
ഒരു കിതപ്പിനപ്പുറം
ഹൃദയത്തിന്‍റെ
താളഗതിയില്‍  
ചെവിയോര്‍ത്ത്‌
തനിച്ചങ്ങനെ 
സമയവും കാത്ത്.. 
ഇനിയും അളക്കാന്‍ 
ദൂരമില്ലാഞ്ഞിട്ടാവാം 
അല്ലെങ്കില്‍ 
ദൂരങ്ങള്‍ താണ്ടാന്‍ 
ശക്തിയില്ലാഞ്ഞിട്ടാവാം 
ഇടയ്ക്കെപ്പോഴോ 
ഇടറിവീണത്‌..
ഒരു വെള്ളമുണ്ടില്‍ 
വരിഞ്ഞു മുറുക്കുമ്പോഴും
എവിടെയാണ് 
താളം തെറ്റിയതെന്ന് 
ഓര്‍ത്തില്ല.. 
അടുത്ത 
ജന്മത്തിലേക്കുള്ള
ദൂരം അളക്കുകയായിരുന്നു 
മനസ്സപ്പോള്‍ .... 

2011 ജൂൺ 15, ബുധനാഴ്‌ച

മുഖം

വ്യക്തതയില്ലാത്ത
മുഖങ്ങള്‍ ചുറ്റിലും
എന്‍റെ  കാഴ്ച
മങ്ങിയതാവോ ?
അല്ല ,മറ്റുള്ളതോക്കെയും 
നന്നായി കാണുന്നുണ്ട് .
മുഖം മൂടികള്‍
അണിഞ്ഞും  അഴിച്ചും
ഇപ്പോള്‍
മുഖം തന്നെയില്ലാതായോ ?
വലിച്ചു നീട്ടിയ 
ചിരിയും 
പല്ലുകളും 
കണ്ടു മടുത്തു 
എനിക്ക് ...
അല്ല , ഈ ഞാന്‍ തന്നെ 
ഒരു  പൊയ്മുഖമല്ലേ ...
അവര്‍ക്കിടയില്‍ 
തുറന്നുവച്ച 
മനസ്സാണല്ലോ 
എന്‍റെ പൊയ്മുഖം ..
അപ്പോള്‍ 
ശരിക്കും  ഏതാണ്
എന്‍റെ മുഖം ?
മനസ്സോ 
അതോ 
മുഖമോ ?
ചായം തേച്ച്
മിനുക്കിയാലോ ?
എല്ലാ മുഖങ്ങളും 
അങ്ങനെയല്ലേ ..
ഇല്ല ,ഞാനില്ല !
എനിക്കീ മുഖം
തന്നെ മതി .
നാളെ  അവര്‍ 
എല്ലാ മുഖങ്ങളും
അഴിച്ചുവയ്ക്കുമ്പോള്‍  
സ്വന്തമെന്നു പറയാന്‍
എനിക്കൊരു
മുഖമുണ്ടാവുമല്ലോ
അവര്‍ക്കില്ലാതെ പോകുന്ന
ഒരു മുഖം
അത് മതി
എനിക്ക് !
    

2011 ജൂൺ 1, ബുധനാഴ്‌ച

ആത്മസുഖം

വറുതിയില്‍ നിന്ന്
വറുതിയിലേക്ക്
തെന്നി വീഴുമ്പോഴും
നൊമ്പരങ്ങള്‍ക്കിടയില്‍
ചികഞ്ഞ് കിട്ടിയ
ആത്മസുഖത്തിന്‍റെ
നെരിപ്പോട്
ഊതി ഊതി
ഞാനിരുന്നു .
വറവുചട്ടിയിലിട്ട്
വറുത്തു കോരിയപ്പോഴും
കനലെടുത്ത് ഭക്ഷിക്കാന്‍
തന്നപ്പോഴും
ഞാനറിഞ്ഞു
ദൈവമെന്നെ
ഒരുപാട്
സ്നേഹിക്കുന്നെന്ന്...

ആത്മദുഃഖം

കുഞ്ഞു പിറന്നു
“ പെണ്ണാണ് ”
മറ്റൊരു
കുരുതിപ്പൂകൂടി
അമ്മേ
നിന്നിലര്‍പ്പിക്കാന്‍
വൈകാതെ...