2011 മേയ് 7, ശനിയാഴ്‌ച

അമ്മക്കിളി

 
സ്വപ്‌നങ്ങള്‍ കരിഞ്ഞുവോ ?
ദുഖങ്ങള്‍ക്ക് ചിറകുമുളച്ചപ്പോള്‍
അവള്‍ ആ കെട്ടിടത്തിന്
മുകളില്‍ നിന്നും പറന്നു .
ദൂരെ ഉത്തുംഗതകളില്‍
അലിയാന്‍ കൊതിച്ചപ്പോഴും
ഗുരുത്താകര്ഷണബലം
അവളെ താഴോട്ടുവലിച്ചു..
സുഖങ്ങളുടെ താഴ്വരയില്‍ നിന്നും
പൂക്കളൊന്നും പറിചില്ല..
കയ്യില്‍ ഒന്നുമെടുത്തില്ല ..
ആത്മാവ് നിറയെ
വേദനകളായിരുന്നോ ?
ചിറകിനടിയില്‍
കാത്തുസൂക്ഷിച്ച കുരുന്നുകള്‍ ..
വിങ്ങുന്നു മനം..
പുണരാന്‍ വെമ്പിയ
കൈകള്‍ ..
ആരോ വലിയ്ക്കുന്നുണ്ട്..
സമയമായി പോലും..
ജനിമൃതികളില്‍
ഉടഞ്ഞുവീഴും ബിംബങ്ങളില്‍..
ഒരാള്‍ കൂടി ..
മടങ്ങട്ടെ ഞാനും
നിറമിഴികളോടെ...

ചാറ്റിംഗ്

അറിഞ്ഞപ്പോള്‍
വേണ്ടായിരുന്നു എന്ന് തോന്നി ..
പറഞ്ഞതും
അറിഞ്ഞതുമെല്ലാം
കൂട്ടിമുട്ടി
ഉത്തരങ്ങള്‍ തേടി
ഒടുവില്‍
ഒരു പുകമറയ്ക്കൊപ്പം
അവനും അവളും
വഴിപിരിഞ്ഞു
പുതിയ സൗഹൃദ
തീരങ്ങള്‍ തേടി
ചാറ്റിംഗ് മഴപെയ്യാന്‍ ..
ജീവിതങ്ങളില്‍
ഉരുണ്ടുകൂടും
കാര്‍മേഘങ്ങളായി ...

അയ


കഴുകി മുക്കിപ്പിഴിഞ്ഞ
 ജീവനുകള്‍ 
അയയില്‍ ഉണക്കാനിട്ടു .
എത്ര വെയിലേട്ടിട്ടും
കാറ്റടിച്ചിട്ടും  
എന്തേ ഉണങ്ങാഞെ ?
ഇറ്റുവീഴുന്ന നീര്കണങ്ങളില്‍
തട്ടിയപ്പോള്‍ 
കൈത്തലത്തില്‍ നിറയെ
ചോരപറ്റി ..
കഴുകിയിട്ടും 
കഴുകിയിട്ടും പോവാത്ത 
ചോരക്കറയ്ക്ക്  
കണ്ണുനീരിന്റെ
ഗന്ധമായിരുന്നു .

2011 മേയ് 2, തിങ്കളാഴ്‌ച

പ്രിയമുള്ളവര്‍ക്കായ്..


നെഞ്ചിലൊരു കരിങ്കല്‍ കേറ്റിവച്ചു ,
തിങ്ങിവിങ്ങും വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍
മുങ്ങിത്താഴും കിനാക്കളെ  -
ഓര്‍ക്കാന്‍ സമയമില്ല..
രക്തമൊഴുകും സിരാപടലങ്ങളില്‍
കനലായ്‌ , ദുഃഖങ്ങള്‍ ,വിഹ്വലതകള്‍
എല്ലാം ഉള്ളിലമര്‍ന്നു പുകയുന്നു ..
പൊട്ടിത്തെറിക്കാന്‍ ഒരു അഗ്നിപര്‍വ്വതം !

രാത്രിതന്‍ യാമങ്ങള്‍ ആശ്വാസമേകും
എല്ലാമൊഴുക്കാം..
കണ്ണുനീര്‍
മഴയായ്‌ പോഴിക്കാം..
ആരുമറിയാതെ ഹൃദയം പറയട്ടെ..
പറയാനുള്ളതോക്കെയും
പറഞ്ഞുതീര്‍ക്കട്ടെ..
ആരെങ്കിലും കേള്‍ക്കുമല്ലോ ??
നാളെ പകലുണരുമ്പോള്‍
മുഖംമൂടിയണിയണ്ടേ??
സൗഖ്യപൂര്‍ണം , സഫലമല്ലേ
ഈ ജീവിതം ..
നിദ്ര വഴിമാറിയൊഴുകിപ്പോകും
ഈ തമസ്സിന്‍ നിഗൂഡതയില്‍
ഞാന്‍ അലിയട്ടെ..
വീണ്ടും നാളെയൊരു
കല്ല് ചുമക്കണ്ടേ ഈ ഹൃദയത്തില്‍..  

നഷ്ടബോധങ്ങളില്ല , കുറ്റപ്പെടുത്തലുകളില്ല,
പരാതികളും , പരിഭവങ്ങളുമില്ല..
എനിക്ക് സുഖമാണ്
സുഖം...
ഇതെല്ലാമെന്‍റെ സുഖങ്ങള്‍
രക്തബന്ധങ്ങളില്‍
തകരുന്ന ബന്ധങ്ങളില്‍
മനസ്സിടറുന്നതെന്‍റെ ശാപമല്ല ,
പുണ്യമാണ്..
പ്രിയപ്പെട്ടവരുടെ വേദനകള്‍
നെഞ്ചിലേറ്റുമ്പോള്‍..
ഉള്ളം തകര്‍ന്ന് അവരെയോര്‍ത്ത്
ഉള്ളുരുക്കാന്‍ , പ്രാര്‍ത്ഥിക്കാന്‍
ഒരാള്‍...

എന്റെ വേദനകള്‍ എന്നെയോര്‍ത്തല്ലല്ലോ ?
സ്നേഹിക്കുന്നവരുടെ നൊമ്പരങ്ങള്‍
ആവാഹിക്കാനൊരു മന്ത്രം തരൂ..
ഞാനൊരു ആഹൂതിയാവട്ടെ ,
അഗ്നിഹോത്രങ്ങളില്‍..
ഇനിയും ഞാന്‍ കൂട്ടിരിക്കും
പ്രിയമുള്ളവര്‍ക്കായ് ..
ഈ തിരിനാളം അണയും വരേയ്ക്കും...

ഒരു ഇടിനാദം മുഴങ്ങുന്നല്ലോ ?
മാനത്ത് കാറും കോളും
മഴ പെയ്യുന്നു..
ഒപ്പമെന്‍ മനവും
പെയ്തൊഴിയട്ടെ..
ശാന്തമാവട്ടെ എല്ലാം
ഒരിക്കലെങ്കിലും....