2016 മാർച്ച് 29, ചൊവ്വാഴ്ച

ഒരിയ്ക്കൽ മാത്രം


ഓരോ  നിമിഷവും
ഓരോ യുഗമാണ്
ചിലപ്പോൾ നിന്നും
ചിലപ്പോൾ
അതിവേഗതയിലും
നാം നഷ്ടപെടുന്നു

ഇന്നലെകൾ
ഇന്നിനെക്കുറിച്ചുളള
ഓർമ്മപ്പെടുത്തലുകളാവുന്നു
ജീവിതം തുടർന്നു കൊണ്ടേയിരിക്കുന്നു
ഒഴുക്ക്  നിലച്ച  നദിപോലെ. ..
ചിലപ്പോൾ ആർത്തിരമ്പും
കടൽ പോലെ..

ആരോ  വരുന്നുണ്ടോ?
മരണമെന്ന  സത്യം
ചിലപ്പോൾ
നമ്മെ നോക്കി
നിശ്ചലം നിൽക്കുകയാണോ
വീണ്ടും  ചില
ഓർമ്മപ്പെടുത്തലുകളായി...

മണ്ണിലേക്ക്
ആഴ്ന്നിറങ്ങണം  എനിയ്ക്ക്. .
ഒരു തരിപോലുമവശേഷിക്കാതെ
വേരുകളെന്നെ
വലിച്ചെടുക്കണം ..

ഒരിലപോലെ
ഘനമില്ലാതെ
ശയിക്കണം  എനിക്ക്. ..

കട്ടിയേറിയ
ഒരു  വർണ്ണപ്പുതപ്പായി
ഇലകളും പൂക്കളും
എന്നെ മൂടണം...

രുചിയേറിയ  വിഭവമായി
ഉറുമ്പുകളും പുഴുക്കളും
എന്നെ ഭക്ഷിക്കണം. ..
അത്  കണ്ട്
ഞാൻ  ചിരിക്കും. .
എന്തെന്നാൽ
ആരോ  പറഞ്ഞിരുന്നു
ഞാൻ  ആ തരത്തിലെന്കിലും
നല്ലതാണെന്ന്!

ഇനിയൊരിക്കലും
ഞാൻ ഏകാകിയാകില്ല
എന്തെന്നാൽ
കിളികളെന്നോട്
കിന്നാരം പറയും. .
പുഴയെന്നെ
താരാട്ടുപാടി  ഉറക്കും..
എന്റെ  നെന്ചിലേക്ക്
വീഴുന്ന പൂക്കളുടെ സുഗന്ധമേറ്റ്
ഞാൻ ശയിക്കും. ..

 ഇതിലേ  വീശിപ്പോകുന്ന
ഇളം തെന്നലെന്നോട്
പുന്നാരം  ചൊല്ലും. .
സന്തോഷത്താൽ
ശാന്തയായി
ഞാൻ  കിടക്കും. .
പൂക്കൾ  വിടരും  പോലെ
എന്റെ  മനസ്സിൽ
സപ്നങ്ങൾ പൂക്കും

ഒരിക്കൽ മാത്രം
വീണ്ടുമൊന്ന്
വളർന്ന് വലുതാവാൻ
ഞാനാഗൃഹിക്കും..
ഇനിയൊരിക്കലും
അതിന്
കഴിയില്ലെന്നറിഞ്ഞിട്ടും. ..
picture courtesy :google

2016 മാർച്ച് 26, ശനിയാഴ്‌ച

കണ്ണാ. ..നിൻ രാഗഭാവം  മാത്രം. .


ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....
ഒരു  കോലക്കുഴലുമായ്,
ആത്മാവിൻ  നിറമായ്,
മധുരമാമേതോ
ഗാനവുമായ്...
ചുണ്ടിൽ നിറയും
മന്ദസ്മിതവുമായി. ...
കണ്ണാ. ..നീയെൻ
അരികിലെത്തി...
എൻ കണ്ണീർ തുടക്കുവാൻ
അരികിലെത്തി. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

കാതങ്ങൾക്കപ്പുറം
കടലുകൾക്കപ്പുറം
കാലങ്ങൾക്കപ്പുറമീ
മരുക്കാട്ടിൽ...
എരിയുമെൻ
ജീവിതവീഥിയിൽ..
ഒരു തരി വെളിച്ചമായ്
നീയെന്നരികെ നിൽപ്പൂ. .
ഞാനറിയാതെന്നരികെ
നിൽപ്പൂ. ..

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ഒരു വിഷുപക്ഷിതൻ
ഗാനം  കേട്ടീല
ഒരു  കൊന്നപ്പൂവിൻ
വാസന്തം കണ്ടീല
ഓർമ്മകൾ നിറയുമെൻ
മനസ്സിൽ നീ...
മഞ്ഞപ്പട്ടുടയാട
ചാർത്തി നിൽപ്പൂ...
അരമണി കിലുക്കി
നിൽപ്പൂ ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ചന്ദനം ചാർത്തും
നിൻ മേനി കണ്ടീല
ചേലെഴും കാർമുകിൽ
ചന്തവും കണ്ടീല
ആരെയും  മയക്കും നിൻ,
മോഹന ഭാവവും കണ്ടീല
മനതാരിൽ നിറയും
നിൻ പാട്ടു മാത്രം...
നിൻ കോലക്കുഴൽ
നാദം മാത്രം. ..
കണ്ണാ...നിൻ രാഗ
ഭാവം മാത്രം. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

Picture  courtesy -Google

2016 ഫെബ്രുവരി 17, ബുധനാഴ്‌ച

ഒരു കാറ്റാവണം...


ഒരു  കാറ്റാവണം   എനിക്ക്
ഇന്നലകളെ  മായ്ച്ച് കളഞ്ഞ്
ഇന്നിൽനിന്നും ഇനിയൊരു
ഓർമ്മേപോലുമവേശഷി ക്കാതെ
അനന്തതയിലേക്ക്  വീശിപ്പോകണം
ഒരു  ചുടുകാറ്റായി. ..
അല്ലെങ്കിൽ  മരംകോച്ചും
ഒരു ശീതക്കാറ്റായി..

ഞാനിന്ന്  സ്വതന്ത്ര..
ഇപ്പോളെന്നിൽ  തലപെരുക്കും
ചിന്തകളില്ല. .
ആകുലതകളില്ല ..
വേദനകളും ആവലാതികളും
പരിഭവങ്ങളുമില്ല...
ഇന്നിൽനിന്ന് സ്വച്ചതയിലേയ്ക്ക്
അനന്തമായ  യാത്ര. ..

2015 ഡിസംബർ 13, ഞായറാഴ്‌ച

കുറിപ്പ്

ഇന്നലെ ആരോ
എറിഞ്ഞുടച്ച ഒരു മനസ്സ് ,
കൂട്ടിവയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും
കണ്ണാടിച്ചില്ലുകള്‍ തട്ടി
മുറിഞ്ഞുപോയ എന്‍ വിരലുകള്‍ ..
ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞുകുതിര്‍ന്ന ഒരു ഹൃദയം ,
വാര്ന്നുകൊണ്ടേയിരുന്നു..
ഇന്ന് ഇതിലെ വന്ന കാറ്റ്
ഓര്‍മ്മയും കവര്ന്നുപോയ്..
ഇപ്പോള്‍ ഈ ശീതീകരിച്ച പെട്ടിയില്‍
മരവിച്ചുകിടക്കുമ്പോള്‍
ചുമരില്‍ തൂങ്ങി
സ്വപ്നങ്ങളുടെ മുഖമില്ലാത്ത
ചട്ടക്കൂട് ...
അതില്‍ ജനന മരണത്തിന്‍
ഒരു കുറിപ്പും ..